കൊച്ചി: കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മറ്റേതോ ആശുപത്രിയിലെ വാര്‍ഡിന്റെ ദൃശ്യങ്ങള്‍ കാണിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്ന സ്‌തോഭജനകമായ വാര്‍ത്ത നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ചാനലും ചാനലിന്റെ റിപ്പോര്‍ട്ടറും ശ്രമിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുരുഷന്‍മാരെയും സ്ത്രീകളെയും ഒരേ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു, രോഗികള്‍ തമ്മില്‍ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകള്‍ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങി തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വ്യാജ ദൃശ്യങ്ങള്‍ സഹിതം ചാനല്‍ സംപ്രേഷണം ചെയ്തത്.
എറണാകുളം മെഡിക്കല്‍ കോളേജിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരുടെ വക്താക്കളായി മനോരമ ന്യൂസ് പ്രവര്‍ത്തിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഈ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും തെറ്റായ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ള ചാനല്‍ ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണങ്ങള്‍ സമൂഹമധ്യത്തിലെത്തിക്കുകയെന്ന മാധ്യമധര്‍മം നിറവേറ്റിയിട്ടില്ല.ഈ സാഹചര്യത്തില്‍ ചാനല്‍ നടത്തിയ അധാര്‍മിക പ്രവര്‍ത്തനം സംബന്ധിച്ച് പോലീസിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കാന്‍ മെഡിക്കല്‍ കോളേജ് നിര്‍ബന്ധിതമായിരിക്കുകയാണ്. വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്ത നടപടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് ചികിത്സയും ഗവേഷണവും അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും അന്തര്‍ദേശീയ മാധ്യമങ്ങളുടെയടക്കം അംഗീകാരം നേടിയെടുക്കുകയും ചെയ്ത എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെതിരെ ഇത്തരത്തില്‍ തുടര്‍ച്ചയായി ഒരു ചാനല്‍ വ്യാജവാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഈ ചാനലിന്റെ മേധാവികള്‍ വ്യക്തമാക്കണം. മെഡിക്കല്‍ കോളേജ് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ വക്താക്കളായി മികച്ച പാരമ്പര്യം പുലര്‍ത്തുന്ന ഒരു മാധ്യമസ്ഥാപനം പ്രവര്‍ത്തിക്കുന്നതില്‍ അങ്ങേയറ്റത്തെ ഖേദവും ദുഃഖവുമുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു