കൂട്ടക്കൊലയെന്ന് ബി.ജെ.പി നേതാക്കളുടെ വ്യാജവാർത്ത; തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ പലായനം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാർത്തയെ തുടർന്ന് അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടുപോകുന്നത് മൂന്നാം ദിവസവും തുടരുകയാണ്. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കാൻ ബിഹാറിൽ നിന്ന് തമിഴ്നാട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിലും വ്യാജവാർത്ത തടയാനെടുക്കുന്ന നടപടികളിലും തൃപ്തി രേഖപ്പെടുത്തി. സംഘം ഇപ്പോൾ കോയമ്പത്തൂർ സന്ദർശിക്കുകയാണ്.

ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്നാട്ടിൽ കൂട്ടക്കൊല ചെയ്യുന്നുവെന്നും ക്രൂരമായി മർദ്ദിക്കുന്നുവെന്നുമാണ് വ്യാ‍ജപ്രചാരണം. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം വാട്സാപ്പിലൂടെയാണ് അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചത്. ഭയചകിതരായ തൊഴിലാളികൾ മൂന്ന് ദിവസമായി സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയാണ്. 

ബിഹാർ ഗ്രാമവികസന വകുപ്പ് സെക്രട്ടറിയടക്കം നാലംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ നിജസ്ഥിതി അന്വേഷിച്ചറിയാൻ ബിഹാർ മുഖ്യമന്ത്രി തമിഴ്നാട്ടിലേക്ക് അയച്ചിരുന്നു. തിരുപ്പൂരിൽ ബിഹാറി തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന ഫാക്ടറികളും തൊഴിൽ ശാലകളും സംഘം സന്ദർശിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറടക്കം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട്ടിലെ സ്ഥിതിയിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തു. ഇപ്പോൾ കോയമ്പത്തൂരിൽ ബിഹാറി ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുകയാണ്. ഝാര്‍ഖണ്ഡിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും ഉടൻ തമിഴ്നാട്ടിൽ എത്തും എന്നറിയിച്ചിട്ടുണ്ട്.

വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശിലെ ബിജെപി വക്താവും ദൈനിക് ഭാസ്കർ പത്രത്തിലെ മാധ്യമപ്രവർത്തകനുമടക്കം നാല് പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. വിഭാഗീയത ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെയും കേസെടുത്തു.

ബിജെപി നേതാക്കളും നാം തമിഴർ കക്ഷി നേതാവ് സീമാനും വിഷയം രൂക്ഷമാക്കുന്ന പ്രതികരണങ്ങളാണ് നടത്തുന്നതെന്ന് ടിഎൻസിസി അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു. തമിഴ്നാടിനെ മോശമാക്കാൻ ഉത്തരേന്ത്യൻ ബിജെപി കേന്ദ്രങ്ങളാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതെന്നാണ് ഡിഎംകെ നേതൃത്വത്തിന്‍റെ ആരോപണം. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുമ്പോഴും ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്നാട് വിട്ടോടുന്നത് തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News