കണ്ണൂർ:സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ സി പി എം നേതൃത്വത്തിനെതിരായി വരുന്ന വാർത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് പയ്യന്നൂർ എം എല്‍ എ ടി ഐ മധുസൂധനന്‍. പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..
തുടർച്ചയായി കുറെ ദിവസങ്ങളായി പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ, ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാർ , പി ജി സുരേഷ് കുമാർ , സീനിയർ റിപ്പോർട്ടർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് എന്നിവർക്കാണ് പ്രശസ്ത അഭിഭാഷകൻ അഡ്വ: കെ വിജയകുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് 30.04.2022 നും 02.05.2022 നും പ്രഭാത പരിപാടിയായ ‘നമസ്തേ കേരള’ത്തിലും പിന്നീട് 07.05.2022ന് വാർത്താധിഷ്ഠിത പരിപാടിയായ കവർ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിനെ തുടർന്നുണ്ടായ മാനഹാനിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്ത വാർത്തകൾ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക., നോട്ടീസിൽ പരാമർശിച്ച വാർത്തകൾ കളവായി പ്രസിദ്ധീകരിച്ചതാണ് എന്നും അതിൽ നിർവ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക. മാനഹാനിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വക്കീൽ നോട്ടീസെന്നും സി പി എം നേതാവും സ്ഥലം എം എല്‍ എയുമായ മധുസൂദനന്‍ അറിയിച്ചു