ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമമെന്ന് മാധ്യമങ്ങളെയും പോലീസിനെയും തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ട്രാക്ടര്‍ക്കെതിരെ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. പേരൂര്‍ സ്വദേശിയായ മോന്‍സി തോമസിനെതിരെയാണ് കേസെടുത്തത്.

ഏറ്റുമാനൂരിലുള്ള അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമം നടത്തുന്നതായും മറ്റൊരു പായിപ്പാടായി ഏറ്റുമാനൂര്‍ മാറുമെന്നും ഇയാള്‍ പോലീസ് സ്‌റ്റേഷനിലും മാധ്യമങ്ങളോടും ഫോണില്‍ വിളിച്ച് പറഞ്ഞ് തെറ്റിധരിപ്പിക്കുകയായിരിന്നു. ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാത്തില്‍ ഏറ്റുമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശത്തില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരിന്നു.

ഇയാള്‍ എന്തിനാണ് ഇത്തരമൊരു വ്യാജ പ്രചരിപ്പിച്ചത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിച്ച് വരുകയാണ്. ഇയാളുടെ കീഴില്‍ നിരവധി അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

അതേസമയം പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവം ആസൂത്രിതമാണെന്നും ഇതിനു പിന്നില്‍ മൂന്നു പ്രബലസംഘടനകള്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതായാണ് സൂചന. പെരുമ്പാവൂരിലടക്കം അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ കാരണം ഈ സംഘടനകളുടെ പിന്‍ബലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അതിഥി തൊഴിലാളികള്‍ പായിപ്പാട് സംഘടിച്ചത്. ഇവര്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരിക്കുകയും കേരളം വിട്ടുപോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ സംഘടനാ നേതാക്കളെന്നു കരുതുന്ന രണ്ട് പേരുടെ മൊെബെല്‍ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.