താമരശ്ശേരി: അമേരിക്കയിൽനിന്ന് അയക്കുന്ന സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് ഐ.ടി. ആക്ട് 66 ഡി വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവതിയുടെ അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നൽകാനായി പാക്കേജ് കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് 2023 ഡിസംബർ 26-ന് ഫോണിൽ വാട്‌സാപ്പ് സന്ദേശമെത്തിയത്. വർഷങ്ങൾക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നുപറഞ്ഞായിരുന്നു വാട്‌സാപ്പ് വഴി ബന്ധപ്പെട്ടത്.
ബന്ധു നാട്ടിലില്ലാത്തതിനാൽ ഈങ്ങാപ്പുഴസ്വദേശിനിയുടെ മേൽവിലാസത്തിൽ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടിൽവന്നാൽ നൽകണമെന്നുമായിരുന്നു അറിയിച്ചത്. പാക്കേജ് അയച്ചുകഴിഞ്ഞതായും അതിൽ സ്വർണവും അറുപതിനായിരം യു.എസ്. ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്‌സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനൽകി.
പിന്നീട് ഡൽഹിയിലെ കൂറിയർ കമ്പനിയിൽനിന്ന് വിളിക്കുകയാണെന്നുപറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൂറിയർ ചാർജായി അടപ്പിച്ചു. പാക്കേജിൽ സ്വർണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറൻസിനും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു.
പിന്നീട് പതിന്നാല് ലക്ഷത്തോളം രൂപയും കൂറിയർ ഇടപാടിനായി ഏതാനും ഡോളറും വീട്ടമ്മ ഡൽഹിയിലെ കനറാബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകളിലെ അക്കൗണ്ടുകളിലേക്ക് അടച്ചു. തുടർന്നും പത്തുലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെയാണ് താൻ തട്ടിപ്പിനിരയായതായി വീട്ടമ്മയ്ക്ക് സംശയംതോന്നിയത്. തുടർന്ന്, ബാങ്കിൽ ബന്ധപ്പെട്ടതോടെ സംഭവം തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ ഇവർ പോലീസിൽ പരാതിനൽകുകയായിരുന്നു.