NationalNews

പൊതുമുതൽ നശിപ്പിച്ചാൽ പിഴ വിപണിമൂല്യം, ജാമ്യംനൽകുമ്പോൾ തുക കെട്ടിവെപ്പിക്കണം- നിയമ കമ്മിഷൻ

ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ അതിന്റെ വിപണിമൂല്യത്തിന് തുല്യമായ തുകതന്നെ പിഴയായി ചുമത്തണമെന്ന് നിയമകമ്മിഷൻ ശുപാർശചെയ്തു. കുറ്റം ചെയ്തവർക്കും അതിന് ആഹ്വാനംചെയ്തവർക്കും ഒരേശിക്ഷതന്നെ നൽകണം.

ഇത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിപണിമൂല്യം കോടതിയിൽ കെട്ടിവെക്കാൻ നിബന്ധനവെക്കണം. മൂല്യം കണക്കാക്കാൻ സാധിക്കാത്ത വസ്തുവാണെങ്കിൽ കേസിന്റെ സാഹചര്യം പരിഗണിച്ച് കോടതി മൂല്യം നിശ്ചയിക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.

കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമ്മിഷന്റെ 284-ാം റിപ്പോർട്ടിലാണ് 1984-ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിൽ ഭേദഗതികൾ വേണമെന്ന് ശുപാർശചെയ്യുന്നത്. ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രതിഷേധമോ ഹർത്താലോ ബന്ദോ നടത്തുമ്പോഴാണ് പൊതുമുതൽ നശിപ്പിക്കപ്പെട്ടതെങ്കിൽ അതിന്റെ ഭാരവാഹികളെയും കുറ്റക്കാരാക്കണം.

ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രകടനം,സ്വകാര്യവസ്തുക്കൾ നശിപ്പിക്കപ്പെടുന്ന വിഷയം പരിഹരിക്കാൻ കേരളത്തിലേതുപോലെ പ്രത്യേക നിയമമുണ്ടാക്കണം. 2019-ലാണ് കേരള സ്വകാര്യവസ്തു നശിപ്പിക്കൽ തടയൽ നിയമമുണ്ടാക്കിയത്. പൊതുമുതൽ നശിപ്പിക്കൽ നിയമത്തിൽ പരിഷ്‌കരണം ശുപാർശചെയ്ത നിയമകമ്മിഷൻ അതിനായി പരിഗണിച്ചതിലേറെയും കേരളത്തിലെ കേസുകൾ. കേരളത്തിൽ രജിസ്റ്റർചെയ്യപ്പെട്ട പത്തോളം കേസുകളാണ് കമ്മിഷന്റെ റിപ്പോർട്ടിൽ വിശകലനംചെയ്തത്.

ഹർത്താൽ, ബന്ദ് എന്നിവയിൽ പൊതുമുതൽ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുതോന്നിയാൽ അത് വീഡിയോയിൽ ചിത്രീകരിക്കാൻ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സംവിധാനമുണ്ടാക്കണം. വീഡിയോയുടെ കോപ്പി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനോ സമർപ്പിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker