കൊച്ചി: വിമാനത്താവളത്തില്‍ ജോലി ലഭിക്കുമെന്ന് വാട്സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയത് അഞ്ഞൂറിലേറെപ്പേര്‍. വിസ തട്ടിപ്പാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രണ്ടുപേരേ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അനു സാദത്ത്, സബ് ഏജന്റ് ഷംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷംസുദ്ദീനാണ് വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചത്.
ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മദീന, ജിദ്ദ വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന ജോലിയില്‍ ഒഴിവുണ്ടെന്നും അതിനായി വിസ ലഭിക്കുമെന്നുമായിരുന്നു സന്ദേശം.
ഇതേത്തുടര്‍ന്ന് പനമ്പിള്ളി നഗര്‍ ജങ്ഷനില്‍ രാവിലെ ഏഴുമണിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അഞ്ഞൂറിലേറെപ്പേര്‍ എത്തി. ജങ്ഷനില്‍ വലിയ ആള്‍ക്കൂട്ടവും ബഹളവുമായി മാറി. വാട്സാപ്പ് സന്ദേശത്തില്‍ ഏത് ഓഫീസില്‍ എത്തണം എന്നുണ്ടായിരുന്നില്ല. പനമ്പിള്ളി നഗര്‍ ജങ്ഷനില്‍ എന്നുമാത്രമാണ് ഉണ്ടായിരുന്നത്.പരാതിയെ തുടര്‍ന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തുകയും വാട്സാപ്പ് സന്ദേശം പരിശോധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അനു സാദത്തിനേയും ഷംസുദ്ദീനെയും ചോദ്യം ചെയ്തത്. ഇവരുടെ കൈവശം വിസ ഇല്ലെന്ന് വ്യക്തമായി.
വിസ ഉടന്‍ വരുമെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, വിസയില്ലാതെ ആളുകളെ അഭിമുഖത്തിന് വിളിച്ചുവരുത്തിയത് തട്ടിപ്പിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്.