കൊല്ലം: പണം ചോദിച്ച് കളക്ടറുടെ മെസേജ് വരുന്നുണ്ടോ? സൂക്ഷിക്കുക, ചതിക്കുഴിയാണ്. കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ഉന്നത ഉദ്യോഗസ്ഥരുടെ പേരും ചിത്രവും ഉപയോഗിച്ച് നടത്തുന്ന സൈബർ തട്ടിപ്പ് പരമ്പരയിലെ പുതിയ സംഭവമാണിത്. സിറ്റി പോലീസ് മേധാവിക്ക് പരാതി നൽകിയതായി കളക്ടർ അറിയിച്ചു. കളക്ടറുടെ ഔദ്യോഗിക ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ നിർമ്മിച്ചിരിക്കുന്നത്.
ആദ്യം മൊബൈൽ നമ്പർ ചോദിച്ചാണ് മെസേജ് വരിക. പിന്നാലെ സുഹൃത്തായ സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥൻ സ്ഥലംമാറി പോകുകയാണെന്നും അതിനാൽ അദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക് വസ്തുക്കളും നിസ്സാരവിലയ്ക്ക് വിൽക്കുന്നുണ്ടെന്നും അറിയിക്കും. താൽപ്പര്യമുണ്ടെങ്കിൽ സുഹൃത്തുമായി സംസാരിക്കാൻ പറഞ്ഞ് തട്ടിപ്പുകാരുടെ നമ്പറും കൈമാറും.
കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ മോഹിച്ചെത്തുന്നവരിൽ നിന്ന് പണം മുൻകൂറായി വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി. നിരവധി പേർക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തന്റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും പണമിടപാടുകൾ നടത്തരുതെന്നും കളക്ടർ എൻ. ദേവിദാസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപി അഡ്രസ്സും മറ്റ് സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടക്കുന്നത്.


