KeralaNews

മഹാരാജാസ് വ്യാജരേഖ,വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർകോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്.

ഈ സർട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു.

അട്ടപ്പാടി രാജീവ് ഗാന്ധി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്. 

അതേസമയം, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌ മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു കാലടി സർവകലാശാലയെ അറിയിച്ചു.

കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button