തലശേരി: തലശേരി ഒ.വി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത ഡോക്ടര്‍ ചികിത്സ നടത്തുന്നതായി ഡിഎംഒ മുന്നറിയിപ്പ് നല്‍കിയിട്ടും കത്ത് മുക്കി ചികിത്സ തുടര്‍ന്നു. മാനേജ്‌മെന്റില്‍ ഒരു വിഭാഗമാണ് കത്ത് മുക്കിയതെന്നാണ് ഇപ്പോഴത്തെ മാനേജ്‌മെന്റ് ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നല്‍കിയ മുന്നറിയിപ്പ് നോട്ടീസ് മുന്‍ മാനേജ്‌മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 16നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് തലശേരി കീര്‍ത്തി ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനു നല്‍കിയത്.
എന്നാല്‍, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതെന്നും കത്ത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നു നീക്കിയതായും കീര്‍ത്തി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുന്‍ മാനേജ്‌മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീര്‍ത്തിയില്‍ ചികിത്സ നടത്തുകയും ഗൃഹനാഥന്‍ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയെയും സ്ഥാപനത്തില്‍ കൊണ്ടുവന്നത് മുന്‍ മാനേജ്‌മെന്റാണ്.
വ്യാജ ചികിത്സയെത്തുടര്‍ന്നു ഗൃഹനാഥന്‍ മരിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതും മുന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരാണെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഡിഎംഒ നല്‍കിയ മുന്നറിയിപ്പ് കത്ത് പൂഴ്ത്തിവച്ചതിലൂടെ നിരപരാധികളായ നിരവധി രോഗികളാണ് വ്യാജ ചികിത്സയ്ക്കു വിധേയരായിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നു വന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവമായ കത്ത് പൂഴ്ത്തിവച്ചവര്‍ക്കെതിരേ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയ സുമേശ് എന്ന വ്യാജ ഡോക്ടര്‍ക്കെതിരേയാണ് 498 -ാം വകുപ്പ് പ്രകാരം തലശേരി പോലീസ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.