KeralaNews

വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്ക്. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ്‌ നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും  പരിശോധിക്കും. 

നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്  നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്.

പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ  സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.  

വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പിടിയിലായി. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ.

അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. ഇതോടെ മാലദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി  നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലദ്വീപിൽ നിന്ന് വിമാനം കയറിയത്.  ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.

നിഖിൽ തോമസ്, അബിൻ സി രാജുമായി വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ സ്ഥാപനത്തിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സർട്ടിഫിക്കറ്റ് നിർമ്മിച്ച എറണാകുളത്തെ ഓറിയോൺ ഏജൻസിയിലാണ് പൊലീസ് ഇരുവരെയും  തെളിവെടുപ്പിന് എത്തിച്ചത്. ഓറിയോൺ എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇപ്പോൾ ഓറിയോൺ എന്ന സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. മുമ്പ് കലൂരിലും പാലാരിവട്ടത്തും ഓറിയോൺ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നു. കായംകുളം പൊലീസിനൊപ്പം പാലാരിവട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button