ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിന്‍ ആണ് തിരുവനന്തപുരത്ത് നിന്നും പിടിയിലായത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
വനപാലകര്‍ക്കെതിരെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരം ഉപ്പുതറ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ഹര്‍ജി കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ ഇവര്‍ തന്നെ ഹര്‍ജി പിന്‍വലിക്കുകയുമായിരുന്നു.
തുടര്‍ന്ന് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തതോടെ ജാമ്യപേക്ഷ തള്ളുകയും ചെയ്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ നീതി പീഠത്തിലുള്ള വിശ്വാസം വര്‍ധിച്ചെന്നും, ഉടന്‍ അറസ്റ്റ് ഉണ്ടായില്ലങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും സരൂണ്‍ പറഞ്ഞിരുന്നു.
2022 സെപ്തംബറിലായിരുന്നു ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ സരുണ്‍ കുറ്റക്കാരനല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ നടപടി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.