ന്യുഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പത്രത്തിന്റെ ന്യൂസ് ക്ലിപ്പിന്റെ ഫോട്ടോയാണ് ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും പ്രചരിക്കുന്നത്. നിങ്ങള്‍ മൂന്ന് മാസത്തേക്ക് റേഷന്‍ വാങ്ങുന്നില്ലെങ്കില്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കാമെന്നായിരിന്നു വാര്‍ത്തയിലെ ഉള്ളടക്കം. എന്നാല്‍ ഈ വൈറലാകുന്ന വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ ഇതാണ്.
വൈറലാകുന്ന വാര്‍ത്തയില്‍ പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തേക്ക് റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കാമെന്നാണ്. വാര്‍ത്ത വൈറലായ ഉടന്‍തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഫാക്ട് ചെക്കിലൂടെ പരിശോധിക്കുകയും അത് പൂര്‍ണ്ണമായും വ്യാജമാണെന്നു അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു മാസത്തേക്ക് റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഇങ്ങനൊരു മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ലയെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫാക്റ്റ് ചെക്ക് അനുസരിച്ച് ഈ ക്ലെയിം പൂര്‍ണ്ണമായും വ്യാജമാണ്. കേന്ദ്ര സര്‍ക്കാര്‍ അത്തരം മാര്‍ഗനിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഇത്തരമൊരു സന്ദേശമോ വിവരങ്ങളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും വിശ്വസിക്കരുത്. ഈ ക്ലെയിം വ്യാജമാണെന്നും റേഷന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കിയിട്ടുണ്ട്.