KeralaNews

ഞങ്ങള്‍ 3 പെണ്ണുങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ജീവിക്കാന്‍ കഴിയാത്തതിന് കാരണം സംഘപരിവാറാണ്: കുറിപ്പുമായി ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീജ നെയ്യാറ്റിന്‍കര. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജ വിമര്‍ശനാത്മക കുറിപ്പ് പങ്കുവെച്ചത്. ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ജീവിക്കാന്‍ കഴിയാത്തതിന് കാരണം സംഘപരിവാറാണെന്നും എന്റെ അമ്മയ്ക്ക് കഴിഞ്ഞ 76 വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന നെയ്യാറ്റിന്‍കരയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതിന് ഒരേഒരു കാരണമേയുള്ളൂ, സംഘ പരിവാറാണതെന്നും ശ്രീജ വിമര്‍ശിച്ചു.

എല്ലാ മാനസിക സംഘര്‍ഷങ്ങളേയും അതിജീവിക്കുന്നത് രാഷ്ട്രീയ ബോധമെന്ന ആയുധത്തിലൂടെയാണെന്നും, നിര്‍ണ്ണായക ഘട്ടത്തില്‍ പ്രപഞ്ചമെന്ന തീക്ഷ്ണ സൗന്ദര്യത്തിന് നേരെ മാത്രേ നോക്കിയിട്ടുള്ളൂവെന്നും അവര്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയ നിലപാടുകള്‍ താമസിക്കാനൊരിടം പോലും തിരസ്‌കരിക്കപ്പെടുന്ന ഒരു കാലത്ത് ജീവിക്കേണ്ടി വരുമെന്നത് എനിക്ക് മനസിലായി തുടങ്ങിയത് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. കഴിഞ്ഞ 6 വര്‍ഷവും താമസിക്കുന്ന വാടക വീട്ടില്‍ നിന്നുകൊണ്ട് നില നില്‍പ്പിനായി ഞാന്‍ പൊരുതി രാഷ്ട്രീയ നിലപാടുകളില്‍ അണുവിട വിട്ടു വീഴ്ചയില്ലാതെ …

എന്നാല്‍ നാളെ മാര്‍ച്ച് മാസം തുടങ്ങുകയാണ് … മാര്‍ച്ച് അവസാനിക്കും മുന്‍പ് 13 വര്‍ഷമായി തുടരുന്നയിടത്ത് നിന്ന് ഇറങ്ങണം …ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ജീവിക്കാന്‍ കഴിയാത്തതിന് കാരണം സംഘപരിവാറാണ് .

എന്റെ അമ്മയ്ക്ക് കഴിഞ്ഞ 76 വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന നെയ്യാറ്റിന്‍കരയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതിന് ഒരേ ഒരു കാരണമേയുള്ളൂ സംഘ പരിവാറാണത് … നെയ്യാറ്റിന്‍കരയിലൊരിടത്തും ഞങ്ങള്‍ക്കൊരു വാടകവീട് കിട്ടാതിരിക്കാന്‍ അതീവ ജാഗ്രത കാണിക്കുകയാണ് സംഘ പരിവാര്‍ ….
ഇരട്ടി വാടകയും അതിനേക്കാളിരട്ടി അഡ്വാന്‍സും നല്‍കി മറ്റൊരിടം തേടി പോകുമ്പോള്‍ 13 വര്‍ഷമായി സിംഗിള്‍ പാരന്റിംഗ് നടത്തുന്ന, കട ബാധ്യതയില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് പ്രശ്‌നം തന്നെയാണ് …. അപ്പോഴും രാഷ്ട്രീയമായി ഒട്ടും നിരാശയില്ലാത്തത് യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാതെയുള്ള ജീവിതം പകരുന്ന ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് ….

എല്ലാ മാനസിക സംഘര്‍ഷങ്ങളേയും അതിജീവിക്കുന്നത് രാഷ്ട്രീയ ബോധമെന്ന ആയുധത്തിലൂടെയാണ് …. നിര്‍ണ്ണായക ഘട്ടത്തില്‍ പ്രപഞ്ചമെന്ന തീക്ഷ്ണ സൗന്ദര്യത്തിന് നേരെ മാത്രേ നോക്കിയിട്ടുള്ളൂ …. ഇപ്പോഴും അങ്ങനെ തന്നെ …..

ഒരു വാടക വീട്ടില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടാല്‍ കെട്ടു പോകുന്ന ആത്മധൈര്യവും പേറിയാണ് ഞാനെന്ന സ്ത്രീ ജീവിക്കുന്നതെന്ന് സംഘപരിവാര്‍ ഭീരുക്കള്‍ കരുതരുത് ….
ഞാനടങ്ങുന്ന ഒരു പെണ്‍ കുടുംബത്തിന് രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ഒരു വാടക വീട് ലഭ്യമാകാതെ, ജീവിക്കാനാഗ്രഹിക്കുന്ന സ്ഥലത്ത് ജീവിക്കാനാകാതെ പലായനം ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന സംഘപരിവാര്‍ വാഴുന്നത് കേരളത്തിലാണ് എന്നോര്‍ക്കുമ്പോള്‍ സങ്കടമല്ല വരുന്നത് ചിരിയാണ് വരുന്നത് …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button