ന്യൂഡല്‍ഹി: ഫെയ്‌സ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ എല്ലാ സൈനികര്‍ക്കും കരസേനയുടെ ഉത്തരവ്. ഇതിനു പുറമേ മൊബൈല്‍ഫോണുകളില്‍നിന്ന് 89 ഇനം ആപ്പുകളും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൈനീസ്, പാക് ചാരസംഘടനകള്‍ സൈനികരുടെയും ജവാന്‍മാരുടെയും വിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി.
നേരത്തേ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 15 നുള്ളില്‍ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാട്‌സാപ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ നവംബറില്‍ കരസേന ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.