ചെങ്ങന്നൂർ:ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പില്‍ കുടുക്കി യുവാവിന്‍റെ സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന കേസിലെ പ്രതികളായ ദമ്പതികളെ ചെങ്ങന്നൂര്‍ പൊലീസ് കന്യാകുമാരിയില്‍നിന്നും അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രാഖി (31), ഭര്‍ത്താവ് അടൂര്‍ പന്തളംകുരമ്പാല സ്വദേശി രതീഷ് (36) എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ചെങ്ങന്നൂര്‍ സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 18ന് എം.സി റോഡില്‍ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിക്ക് സമീപമുള്ള ലോഡ്ജ് മുറിയില്‍ വെച്ച് ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകിന് മയക്കുമരുന്ന് കലര്‍ത്തിയ ബിയര്‍ നല്‍കി അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും ഫോണും കവരുകയായിരുന്നു.
തമിഴ്നാട്ടില്‍ വീട് വാടകക്കെടുത്ത് താമസിച്ച് വരികയാണ് ദമ്പതികള്‍.ശാരദ എന്ന പേരില്‍ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാക്കളെ വലയിലാക്കുകയായിരുന്നു ഇവരുടെ രീതി.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പുരുഷന്‍മാരെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചുവരുത്തും.ഒരു ദിവസം രണ്ടും മൂന്നും പേരെ ഇത്തരത്തില്‍ ഒരു നഗരത്തില്‍ വിളിച്ചുവരുത്തും. ഇവിടങ്ങളിലെ വിവിധ ഹോട്ടലുകളില്‍ ഇവര്‍ അന്നേദിവസം മുറികള്‍ എടുക്കും. തുടര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്.
സമാന രീതിയില്‍ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒമാരായ എസ്. ബാലകൃഷ്ണന്‍, യു. ജയേഷ്, പത്മകുമാര്‍, രതീഷ് കുമാര്‍, സി.പി.ഒമാരായ സിജു, അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.