കൊച്ചി: ട്രാന്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലെക്‌സിന്റെ ആത്മഹത്യ മറ്റുപല വെളിപ്പെടുത്തലുകളിലൂടെയുമാണ് കടന്നുപോകുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിണിത ഫലം ഒന്നൊന്നായി പുറത്തുവരുമ്പോള്‍ സാക്ഷര സമൂഹം തല താഴ്‌ത്തേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
അനന്യയുടെ മരണത്തില്‍ മനം നൊന്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുകള്‍ പങ്കുവെച്ചെത്തിയത് . വളരെ ബോള്‍ഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നാണ് അനന്യയുടെ സുഹൃത്തുക്കള്‍ പറയുന്നത്. ഇത് ആദ്യമല്ല ഒരു ട്രാന്‍സ് വുമണിന്റെ ജീവിതം ഹനിക്കപ്പെടുന്നത്. അവരും മനുഷ്യരാണ്, തുല്യ അവകാശവും അധികാരവുമുള്ള മനുഷ്യര്‍. എത്ര പ്രതിഷേധിച്ചിട്ടും സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാനാകാത്ത ട്രാന്‍സ്ഫോബിയയുടെ ഇരയായി അനന്യയുടെ പേര് പതിഞ്ഞിരിക്കുകയാണ്
ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അനന്യയെ പോലെ വെന്തുതീര്‍ന്ന മനുഷ്യരെകുറിച്ചാണ് . ആദി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്…
‘ഇത് എഴുതാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ മാസമാണ് ട്രാന്‍സ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയല്‍വാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തില്‍ ശ്രീധന്യ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യുമോണിയ മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തുകയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയര്‍ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചര്‍ച്ചയ്‌ക്കെടുക്കുകയുമില്ല
,അനന്യയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ വീണ്ടും ഞെട്ടിപ്പോകുന്നുണ്ട്. ഈ മരണം തികച്ചും അപ്രതീക്ഷിതമാണ്. അനന്യ ( Anannyah Kumari Alex ) വളരെ ബോള്‍ഡായിരുന്നുവെന്നേ എനിക്കറിയൂ. 2019 ലെ ക്വിയര്‍ പ്രൈഡ് ആംഗര്‍ ചെയ്യുന്ന അനന്യയെയാണ് ആദ്യം ഞാന്‍ കാണുന്നത്. കുറച്ച് ദിവസം മുന്നേ രാത്രി,ക്ലബ് ഹൗസ്സില്‍ അനന്യയുള്ള ഒരു ചര്‍ച്ച കേട്ടത്. അനന്യയുടെ സര്‍ജറിയില്‍ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്.
മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ പറഞ്ഞു. സര്‍ജറി ചെയ്ത ഭാഗം അവര്‍ പ്രൊഫൈല്‍ ചിത്രമാക്കി. വളരെ ഭീകരമായിരുന്നു അത്. എത്ര കഷ്ടപ്പെട്ടാകും അവര്‍ ഈ സര്‍ജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസള്‍ട്ട് അവര്‍ക്ക് കിട്ടിയില്ല. അനന്യയുടെ അനുഭവങ്ങള്‍ ഞെട്ടിച്ചുകളയുന്നുണ്ട്
അതിലേറെ ഞെട്ടിയത്, ചില ക്വിയര്‍ ആക്ടിവിസ്റ്റുകള്‍ ചര്‍ച്ചയില്‍ അനന്യയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടിട്ടാണ്. സര്‍ജറിയ്ക്ക് ശേഷം അനന്യ നേരിടുന്ന പ്രയാസങ്ങള്‍ കേട്ടിട്ടും,ആശുപത്രിയെയും സര്‍ജറി ചെയ്ത ഡോക്ടറെയും ന്യായീകരിക്കുന്ന പോലെയാണ് ആദ്യ ഘട്ടത്തില്‍ ”ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലൊ”ക്കെയുള്ള ഒരു ആക്ടിവിസ്റ്റ് സംസാരിച്ചത്.
അനന്യ ഈ വിഷയം ഉയര്‍ത്തിയതിനാല്‍ Sex Reassignment Surgery ചെയ്യുന്നതില്‍ നിന്ന് പ്രസ്തുത ആശുപത്രിയും അര്‍ജുന്‍ ഡോക്റ്ററും വിട്ടുനില്‍ക്കുകയാണെന്നും ഇത് മറ്റ് ട്രാന്‍സ് മനുഷ്യരെ കൂടി കഷ്ടത്തിലാക്കിയുമെന്നാണ് ഈ ആക്ടിവിസ്റ്റ് പറഞ്ഞത്. വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോ നോര്‍മാറ്റീവായ ഒരു വ്യവസ്ഥയെ ന്യായമായും ചോദ്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം, ?ഒറ്റ വ്യക്തികളെന്ന’ നില വിട്ട് പരസ്പരം കുറെകൂടി കരുതലോടെ അന്യോന്യം സഹകരിക്കാന്‍ നമ്മള്‍ക്ക് കഴിയേണ്ടതില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്
അനന്യയുടെ ആത്മഹത്യയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നേ എനിക്കിപ്പോള്‍ പറയാന്‍ പറ്റൂ. അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാന്‍ ഞാനില്ല. അനന്യ ഉയര്‍ത്തിവിട്ട പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ. ഇവിടെ ആ നീതി വളരെ എളുപ്പം അവര്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. റെനേ മെഡിസിറ്റിയും ഡോ.അര്‍ജുന്‍ അശോകും അടങ്ങുന്ന മെഡിക്കല്‍ സമൂഹവും കണക്ക് പറയേണ്ടതുണ്ട്,ലജ്ജിക്കേണ്ടതുണ്ട്;അവര്‍ മാത്രമല്ല എന്നവസാനിക്കുന്നു ആദിയുടെ ഫേസ്ബുക്ക് കുറിപ്പ്.