അഹമ്മദാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ വന്‍ ഭീഷണിയായി മറ്റൊരു അത്യപൂര്‍വ ഗുരുതര രോഗവും. കൊവിഡ് രോഗം സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് ‘മ്യൂകോര്‍മൈകോസിസ്’ എന്ന ഫംഗല്‍ ബാധ സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ പകുതി മാത്രമേ രോഗമുക്തി നേടിയവരുളളൂ എന്നത് ഈ രോഗത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്ന വസ്തുതയാണ്.
രോഗം മാറിയവര്‍ക്ക് പോലും കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. അഹമ്മദാബാദില്‍ അഞ്ചുപേര്‍ക്ക് ഇത്തരത്തില്‍ രോഗം ബാധിച്ചു. രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് രോഗം മാറിയെങ്കിലും കാഴ്ചശക്തി ഇല്ലാതെയായി. 34നും 47നുമിടയില്‍ പ്രായമുളളവരായിരുന്നു രോഗം ബാധിച്ച അഞ്ചില്‍ നാലുപേരും. ഇവരുടെ കണ്ണുകള്‍ തളളി വെളിയിലേക്ക് വന്ന നിലയിലായിരുന്നു. 67വയസുകാരനായിരുന്നു അഞ്ചാമന്‍. ഇവര്‍ക്കെല്ലാം ഉയര്‍ന്ന പ്രമേഹവുമുണ്ടായിരുന്നു.
ചിലയിടങ്ങളില്‍ കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥിയും നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇത്തരത്തില്‍ രോഗം ബാധിച്ചവരില്‍ പകുതി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ബാക്കി പകുതി ശതമാനം ആളുകള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്തു. മസ്തിഷ്‌കത്തില്‍ രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മ്യുകോര്‍മൈസെറ്റെസ് എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം. ശരീരത്തില്‍ ഏത് ഭാഗത്ത് വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തിനെയോ സൈനസ് പ്രദേശങ്ങളെയോ ആണ് ഇത് സാധാരണ ബാധിക്കുക. ഉയര്‍ന്ന പ്രമേഹരോഗമുളളവരിലും ഈ രോഗമുണ്ടാകാം. എന്നാല്‍ ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും വളരെ പെട്ടെന്ന് രോഗനിര്‍ണയം നടത്തിയാല്‍ രോഗിയെ രക്ഷിക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ണുകളെ ബാധിച്ചാല്‍ കണ്ണ് വീര്‍ക്കുകയും വെള്ളം നിറയുകയും ചെയ്യാം. രോഗം ഭേദമാകുന്നവര്‍ക്ക് രൂപത്തില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.