CrimeKeralaNews

പണമിരട്ടിപ്പിക്കൽ തട്ടിപ്പ്, റിട്ട. ബാങ്ക് മാനേജരില്‍നിന്ന് 60ലക്ഷം തട്ടി,അഭിഭാഷകയും കൂട്ടാളികളും അറസ്റ്റില്‍

തൃശൂര്‍: ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് വിരമിച്ച ബാങ്ക് മാനേജരില്‍നിന്ന് 60 ലക്ഷം തട്ടിയ കേസില്‍ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പരയ്ക്കാട് അരിമ്പൂര്‍ ചെന്നങ്ങാട്ട് ബിജു (40), ഭാര്യയും അഭിഭാഷകയുമായ ലിജി (35), വെങ്കിടങ്ങ് കണ്ണോത്ത് തയ്യില്‍ യദുകൃഷ്ണന്‍ (27), വെങ്കിടങ്ങ് നെല്ലിപ്പറമ്പില്‍ ജിതിന്‍ ബാബു (25), വെങ്കിടങ്ങ് തച്ചപ്പിള്ളി ശ്രീജിത് (22), വാടാനപ്പിള്ളി കുളങ്ങര ഫവാസ് (28), ചാവക്കാട് എടക്കഴിയൂര്‍ നന്ദകുമാര്‍ (26), വെങ്കിടങ്ങ് പാടൂര്‍ പണിക്കവീട്ടില്‍  റിജാസ് (28) എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്.

പിടിയിലാകാനുള്ള ബിജു മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് നല്‍കിയത്. തുക കൈമാറുന്ന സമയം സഹായികളെ ഉപയോഗിച്ച് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കൈമാറിയ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന് മുമ്പ് പത്തുലക്ഷം റിട്ട. ബാങ്ക് മാനേജര്‍ അക്കൗണ്ട് വഴി പ്രതികള്‍ക്ക് ഇട്ടു കൊടുത്തിരുന്നു.

2023 ജനുവരിയിലാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയും അഭിഭാഷകയുമായ യുവതിയുടെ പഠനകാലത്ത് പഠനത്തിനാവശ്യമായ പണം മുഴുവന്‍ നല്‍കിയത് ബാങ്ക് മാനേജരായിരുന്നു. തന്റെ സുഹൃത്ത് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിക്കയായി ലഭിച്ച ധാരാളം വിദേശകറന്‍സി ക്ഷേത്രത്തിലുണ്ടെന്നും ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് സുഹൃത്ത് വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞാണ് യുവതി ബാങ്ക് മാനേജറെ വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ച  ഇയാൾ പണം നൽകി. 

കേസിനാസ്പദമായ സംഭവം ഇങ്ങനെ: തൃശൂരിലെ ഒരു ആരാധനാലയത്തില്‍ കാണിക്കയായി വരുന്ന വിദേശ കറന്‍സികള്‍ കുറഞ്ഞ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി രൂപയ്ക്ക് ലഭിക്കുമെന്നും ഇത്തരം ഇടപാടുവഴി വന്‍ ലാഭം ഉണ്ടാക്കാമെന്നും പരാതിക്കാരനെ യുവതി വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ഇടപാടിനായി ഒന്നരക്കോടി രൂപ നിലവില്‍ കൈവശമുണ്ടെന്നും അമ്പത് ലക്ഷം രൂപ നല്‍കിയാല്‍ വിദേശ കറന്‍സികള്‍ നല്‍കാമെന്നായിരുന്നു ഇടപാട്.

യുവതിയെ മകളെപ്പോലെ കരുതിയ റിട്ട: ബാങ്ക് മാനേജര്‍ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വിവിധ സുഹൃത്തുക്കളില്‍ നിന്നായി അറുപത് ലക്ഷത്തോളം രൂപ തുക സമാഹരിക്കുകയും അതില്‍നിന്നും പത്തു ലക്ഷത്തോളം രൂപ പ്രതിയായ ലിജിയുടെ അക്കൗണ്ടിലേക്ക് രണ്ടു തവണയായി നല്‍കുകുയും ചെയ്തിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച ഒന്നരകോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് ലിജി പരാതിക്കാരനെ സംഭവ ദിവസം അയ്യന്തോളിലേക്ക് വിളിച്ചുവരുത്തി. വിദേശ കറന്‍സി ലഭിക്കുന്നതിന് ബാക്കിയുള്ള അമ്പത് ലക്ഷം രൂപ യുവതിയുടെ സുഹൃത്തിന് നേരിട്ട്  കൈമാറുന്നതിനായിരുന്നു അത്. തുടര്‍ന്ന് ഇവര്‍ കാഞ്ഞാണി പാടം ഭാഗത്തേക്ക് പോയി. പണം കൈമാറുന്നതിനായി പരാതിക്കാരനെ ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി.

അവിടെനിന്നും പെട്ടി ഓട്ടോറിക്ഷ അയ്യന്തോള്‍ കലക്ടറേറ്റിനു  പിന്‍വശം ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ മറ്റു പ്രതികള്‍ ഓടിച്ചുവന്ന കാര്‍ കുറുകെ നിര്‍ത്തി. പൊലീസുദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണമടങ്ങിയ ബാഗ് പരാതിക്കാരനില്‍നിന്നും തട്ടിയെടുത്തു. സംഭവശേഷം പണമടങ്ങിയ ബാഗ് പ്രതികള്‍ പുല്ലഴി പാടത്ത് ഒത്തുചേര്‍ന്ന് ഒന്നാം പ്രതിക്ക് കൈമാറി.

പരാതിക്കാരനായ മാനേജര്‍ അഭിഭാഷക കൂടിയായ ഒന്നാം പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍  പൊലീസ് ഉദ്യോഗസ്ഥരോട് ഫോണിലൂടെ സംസാരിക്കുകയും അതിനെത്തുടര്‍ന്ന് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും, വാഹനത്തില്‍ നിന്ന് ഇറങ്ങിക്കൊള്ളാനും മാനേജരോട് ഒന്നാം പ്രതി നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് കൂട്ടുപ്രതികള്‍ പണമടങ്ങിയ പെട്ടിയുമായി ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു. പിന്നീടാണ് യുവതി ചതിച്ചതാണെന്ന് മാനേജര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ്  പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. അഭിഭാഷകയും സുഹൃത്തും ഭര്‍ത്താവും ഓട്ടോ ഡ്രൈവറും പിന്തുടര്‍ന്ന കാര്‍ ഡ്രൈവറുമടക്കം 9 പ്രതികളുള്ള കേസിലെ  ഒളിവില്‍ തുടരുന്ന 2 പ്രതികളൊഴികെ മറ്റെല്ലാ പ്രതികളെയും പൊലീസ്  പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button