‘വേദാന്ത’ പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 മരണം, നിരവധിപേർക്ക് പരിക്ക്

ഛത്തീസ്ഗഢിലെ 'വേദാന്ത’ പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 മരണം, നിരവധിപേർക്ക് പരിക്ക്

റായ്പുർ: ഛത്തീസ്ഗഢിലെ ‘വേദാന്ത’ പവർ പ്ലാന്റിലുണ്ടായ വൻ പൊട്ടിത്തെറിയിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഢിലെ സക്തി ജില്ലയിൽ പ്രവർത്തിക്കുന്ന വേദാന്ത പവർ പ്ലാന്റിലാണ് ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 തൊഴിലാളികളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിലുണ്ട്. അതേസമയം, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ എണ്ണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പവർ പ്ലാന്റ് സാധാരണപോലെ പ്രവർത്തിക്കുന്നതിനിടെയാണ് ബോയിലർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഇതോടെ പ്ലാന്റിലുണ്ടായിരുന്ന തൊഴിലാളികളും സമീപവാസികളും ഉൾപ്പെടെ പരിഭ്രാന്തരായി. അപകടത്തിൽപ്പെട്ട തൊഴിലാളികളെ റായ്ഘട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്തുകൊണ്ടാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. സംഭവത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ പ്രാദേശിക മാധ്യമപ്രവർത്തകർ ചില വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News