ചേർത്തല: പൊലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായതിൽ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പൊലീസ്. ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള ക്വട്ടേഴ്സിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊട്ടിത്തെറി ഉണ്ടായത്.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ, സെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാബു, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരുടെ അന്വേഷണത്തിൽ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് പൊട്ടിയത് പടക്കമാണെന്ന് വിലയിരുത്തലിൽ എത്തിയത്.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് പൂർണ്ണമായും തകർന്നത്. ഈ കെട്ടിടം സാധാരണയായി ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലാണ്. ഇതിനുള്ളിൽ പിടിച്ചു കൊണ്ടു വന്ന അനധികൃത പടക്കമാകാം പൊട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
സ്റ്റേഷനിലെ സി പി ഒ സുനിൽ കുമാർ കെട്ടിടത്തിനുള്ളിൽ മൊബൈയിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സമീപത്ത് നിന്നും പൊട്ടിത്തെറി ഉണ്ടായത്. മുറിയുടെ വാതിലുകൾ പൂർണ്ണമായും, മേൽക്കൂര ഭാഗികമായും തകർന്നു. കാലിന് പൊള്ളലേറ്റ സുനിൽ കുമാർ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി. പിന്നീട്, ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.