FootballSports

Fifaworld cup2022:ആദ്യ പകുതിയിൽ ഇറാനെതിരേ ഇംഗ്ലണ്ട് മുന്നിൽ (3-0)

ദോഹ: ലോകകപ്പിലെ ഇറാനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് ഗോളിന് മുന്നില്‍. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇറാനെതിരേ ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, റഹിം സ്‌റ്റെര്‍ലിങ് എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇംഗ്ലണ്ടാണ് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. ആദ്യ മിനിറ്റ് തൊട്ട് ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടു. ഒന്‍പതാം മിനിറ്റില്‍ ഇറാന്റെ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് ഇറാന് തിരിച്ചടിയായി. സഹതാരം മജിദ് ഹൊസെയ്‌നിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അലിറെസയ്ക്ക് പരിക്കേറ്റത്. ഹാരി കെയ്‌നിന്റെ ക്രോസ് തടയുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. പിന്നാലെ അലിറെസയുടെ മൂക്കിന് പരിക്കേറ്റ് ചോരവാര്‍ന്നൊലിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും കളത്തിലെത്തിയെങ്കിലും വീണ്ടും തളര്‍ന്നു. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ന്‍ ഹൊസെയ്‌നി ഗോള്‍കീപ്പറായി കളിക്കളത്തിലെത്തി.

ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നിനെ ഫൗള്‍ ചെയ്തതിന് 25-ാം മിനിറ്റില്‍ ഇറാന്റെ അലിറെസ ജെഹാന്‍ബക്ഷിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

എന്നാല്‍ 35-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തു. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മികച്ച ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോള്‍കീപ്പര്‍ ഹൊസെയ്‌നിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.

പിന്നാലെ 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണ യുവതാരം സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് പ്രതിരോധതാരം ഹാരി മഗ്വയര്‍ സാക്കയ്ക്ക് മറിച്ചുനല്‍കി. പന്ത് ലഭിച്ചയുടന്‍ സാക്കയുടെ വെടിയുണ്ട ഗോള്‍വല തുളച്ചു.

ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങ് ലക്ഷ്യം കണ്ടത്. ഇതോടെ ഇറാന്‍ പ്രതിരോധം തളര്‍ന്നു. തുടര്‍ച്ചായി ആക്രമണം അഴിച്ചുവിട്ട ത്രീലയണ്‍സ് ഏഷ്യന്‍ ശക്തികളെ വെള്ളം കുടിപ്പിച്ചു.

15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. അധികസമയത്തിന്റെ 11-ാം മിനിറ്റില്‍ ഇറാന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button