ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലും തെലങ്കാനയിലും വമ്പന്‍ മുന്നേറ്റം ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് എക്‌സിറ്റ് പോളുകള്‍. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കും അതുപോലെ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രേവന്ത് റെഡ്ഡി സര്‍ക്കാരിനും ഇത് വന്‍ തിരിച്ചടിയാണ്. തെലങ്കാനയില്‍ ബിജെപി എട്ട് മുതല്‍ 10 സീറ്റുകള്‍ ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ പ്രവചിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നിട്ടും കൂടുതല്‍ സീറ്റുകള്‍ അവര്‍ ലഭിക്കാത്തതാണ് തിരിച്ചടിയാവുക. പക്ഷേ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും സാധിക്കുമെന്ന് സര്‍വേ പറയുന്നു. കെ ചന്ദ്രശേഖര റാവുവിന്റെ ബിഎര്‍എസ് അടക്കമുള്ള മറ്റുള്ളവര്‍ നാല് മുതല്‍ ആറ് സീറ്റുകള്‍ വരെ നേടിയേക്കും.
എബിപി സി വോട്ടര്‍ സര്‍വേയില്‍ എന്‍ഡിഎ 7 മുതല്‍ 9 സീറ്റുകള്‍ വരെ നേടാമെന്നും പറയുന്നു. അതേസമയം ഇന്ത്യ സഖ്യത്തിനും ഇത്ര തന്നെ സീറ്റുകളാണ് അവര്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും പറയുന്നു. അതേസമയം ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ വളരെ പിന്നില്‍ പോകുമെന്ന് ന്യൂസ് 18 സര്‍വേ പ്രവചിക്കുന്നു.
വൈഎസ്ആര്‍ കോണ്‍ഗ്രസിന് 5 മുതല്‍ 8 സീറ്റുകള്‍ വരെയാണ് പരമാവധി ലഭിക്കുക. എന്‍ഡിഎ 19 മുതല്‍ 22 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. ബിജെപി ഇവിടെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ഇന്ത്യ സഖ്യം ആന്ധ്രയില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്നും സര്‍വേ പറഞ്ഞു.