ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായ സീറ്റുകൾ ഉൾപ്പെടുന്ന ഉത്തർപ്രദേശിൽ എൻഡിഎയുടെ മുന്നേറ്റം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. മൂന്നോളം സർവേ ഫലങ്ങൾ ഏതാണ്ട് ഒരേ പോലെയുള്ള ഫലങ്ങളാണ് യുപിയിൽ ഉണ്ടാവുമെന്ന് പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇവ മൂന്നും എൻഡിഎയ്ക്ക് എഴുപതിന് അടുത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിൽ എൻഡിഎ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചത് ജൻ കി ബാത്ത് സർവേയാണ്. അവർ മൃഗീയ മുന്നേറ്റമാണ് എൻഡിഎയ്ക്ക് സംസ്ഥാനത്ത് പ്രവചിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെയും ഇന്ത്യ മുന്നണിയുടെയും മുഴുവൻ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്ത് 74 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.
മറ്റൊരു സർവേയായ ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക് ആവട്ടെ സംസ്ഥാനത്ത് എൻഡിഎ 69 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇവിടെ ഇന്ത്യ സഖ്യത്തിന് ക്ഷീണം ഉണ്ടാവുമെന്നാണ് ഈ സർവേയും നൽകുന്ന സൂചന. വെറും 11 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനാവുക എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
ഇതേ ഫലം തന്നെയാണ് റിപ്പബ്ലിക് ടിവി പി മാർക്ക് സർവേയും പുറത്തുവിട്ടിരിക്കുന്നത്. മുകളിൽ പറഞ്ഞതിന് സമാനമായി എൻഡിഎ 69 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് വെറും 11 സീറ്റുകളും മറ്റുള്ളവർക്ക് പൂജ്യം സീറ്റുകളുമാണ് സർവേയിൽ പ്രവചിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.
യുപിയിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സകല അടവും പയറ്റിയ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പരമാവധി വിട്ടുവീഴ്‌ച ചെയ്‌താണ് എസ്‌പി ഇന്ത്യ സഖ്യത്തിനൊപ്പം മത്സരിച്ചത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. ഏത് വിധേനയും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന അഖിലേഷിന്റെ സ്വപ്‌നം വെള്ളത്തിലാക്കുന്ന സർവേ ഫലങ്ങളാണ് ഇവ മൂന്നും എന്നതാണ് പ്രധാന കാര്യം.
എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്ന ബിജെപി സ്ട്രാറ്റജി ഏറെക്കുറെ ഫലം കണ്ടുവെന്നതിന്റെ ഉദാഹരണമാണ് ഈ സർവേ എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ ഉള്ള യുപിയിൽ അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തോടെ ബിജെപി കൂടുതൽ കരുത്താർജ്ജിച്ചു എന്നതാവും ഈ സർവേ ഫലങ്ങൾ ശരിയായാൽ തെളിയുന്ന കാര്യം.