ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടക ഇക്കുറിയും ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവ്വെ. 23 മുതൽ 25 സീറ്റ് വരെയാണ് സർവ്വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം വെറും 5 സീറ്റിൽ ഒതുങ്ങുമെന്നാണ് സർവ്വെ പ്രവചനം. എബിപി-സി വോട്ടർ സർവ്വേയും സമാന പ്രവചനമാണ് നടത്തുന്നത്.
ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബി ജെ പി ജയിച്ചിരുന്നു. രണ്ട് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ജെ ഡി എസുമായിരുന്നു വിജയിച്ചത്. ഇക്കുറി ജെ ഡി എസുമായി സഖ്യത്തിലാണ് ഇവിടെ ബി ജെ പി പോരാട്ടത്തിന് ഇറങ്ങിയത്. 25 സീറ്റിൽ ബി ജെ പിയും 3 ഇടത്ത് ജെ ഡി എസുമാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ജെ ഡി എസ് നേതാവ് രേവണ്ണയുടെ മകൻ കൂടിയായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസ് തിരിച്ചടിയാകുമോയെന്ന ആശങ്ക എൻഡിഎ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ കൂറ്റൻ മുന്നേറ്റത്തിന് തടസം തീർത്തില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലും ഇക്കുറി ബി ജെ പി അക്കൗണ്ട് തുറക്കുമെന്നാണ് സർവ്വെകൾ പ്രവചിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ഒരു സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നതെങ്കിലും ബി ജെ പിയുടെ വമ്പൻ തുടക്കമായിട്ടാകും ഇതിനെ വിലയിരുത്തുക. ഇരു സംസ്ഥാനങ്ങളും ബി ജെ പി സംബന്ധിച്ച് ബാലികേറാമലയാണ്. ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാം പുറത്തെടുത്തിട്ടും ഇതുവരെ ഇവിടങ്ങളിൽ അക്കൗണ്ട് തുറക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല.
കേരളത്തിൽ തൃശൂരിലാണ് ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്നത്. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് പാർട്ടി പ്രതീക്ഷ പുലർത്തുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഉൾപ്പെടെ എത്തിയാണ് സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണം നയിച്ചത്.