നോയിഡ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ –
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് തുടർഭരണം പ്രഖ്യാപിച്ചാണ് റിപ്പബ്ളിക് ടിവി – പി മാർക്ക് സർവ്വേ പറയുന്നത്
ബിജെപി – 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
എസ്.പി – 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ബി.എസ്.പി – 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
കോൺഗ്രസ് – 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
2017-ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം –
- ബിജെപി – 312
- എസ്.പി – 47
- ബി.എസ്.പി – 19
- കോണ്ഗ്രസ് – 7
- അപ്നാദൾ – 6
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election) കോൺഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP) അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll) ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.
പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.