തിരുവനന്തപുരം;സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാൻ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും. ഐടി പാർക്കുകളിൽ ആവശ്യപ്പെട്ടാൽ മദ്യ ലൈസൻസ് നൽകുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്ം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയും മുൻപ് ആവശ്യപ്പെട്ടിരുന്നു. സൂപ്പർ മാർക്കറ്റുകളുടെ മാതൃകയിൽ ഇഷ്ടബ്രാൻഡ് തിരഞ്ഞെടുത്ത ശേഷം നേരിട്ട് ബില്ലിംഗ് കൗണ്ടറിലെത്തി പണം നൽകുന്ന രീതി നടപ്പാക്കാൻ എക്സൈസ് വകുപ്പ് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, പുതിയ മദ്യ നയത്തിന്റെ ഭാഗമായി കൺസ്യൂമർ ഫെഡിന്റെ പൂട്ടിപ്പോയ പത്ത് ഔട്ട് ലെറ്റുകൾ തുറക്കുന്നതിനുള്ള ഉത്തരവായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പത്ത് ഔട്ട് ലെറ്റുകളാണ് വാക്ക് ഇൻ കൗണ്ടറുകളായി തുറക്കുന്നത്. ഇടത് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെ 91 ഷോപ്പുകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇടത് മുന്നണി സർക്കാർ തീരുമാനിച്ചിരുന്നത്. പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കുമ്പോള്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ അനുമതി തേടിയിരുന്നു. ഇതിനും നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മെയ് 17 നാണ് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണവും ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കാനുള്ള തീരുമാനം. പൂട്ടിപ്പോയ 68 ഷോപ്പുകൾക്കൊപ്പം പുതിയ ഷോപ്പുകളും ചേർത്താണ് 91 ഔട്ട്ലെറ്റുകൾ തുറക്കുന്നത്.
നേരത്തെ തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാൻ ബെവ്കോ സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകളടക്കം തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നത്.