ചണ്ഡീഗഢ്: വി.എസ്.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘം ഹരിയാണയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഹരിയാണയിലെത്തിയത്.
ഹരിയാണ സ്വദേശിയും എ.എസ്.പി.യും പൂജപ്പുര സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായ ദീപക് ധന്‍കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. മെഡിക്കല്‍ കോളേജ് സി.ഐ. ഹരിലാല്‍, സൈബര്‍ പോലീസ് അംഗങ്ങള്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
കോച്ചിങ് സെന്ററിലാണ് തട്ടിപ്പിന്റെ ആസൂത്രണം നടന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ പോലീസിനു മൊഴിനല്‍കിയിരുന്നു. ആള്‍മാറാട്ടം നടത്തി മത്സര പരീക്ഷ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച രണ്ട് ഹരിയാണ സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലായിരുന്നു ക്രമക്കേട്.