ബെംഗളൂരു: എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക് കർണാടക ഹെെക്കോടതിയിൽ ഹർജി നൽകി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ഡയറക്ടറും കേന്ദ്ര സർക്കാരുമാണ് എതിർകക്ഷികൾ. വ്യാഴാഴ്ച രാവിലെയാണ് ഹർജി സമര്‍പ്പിച്ചത്.
എക്സാലോജിക് സൊല്യൂഷൻസിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. അതിനാലാണ് കമ്പനി കർണാടക ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തുടർനടപടികൾ ഇതുവരെ ഹെെക്കോടതി ആരംഭിച്ചിട്ടില്ല. അന്വേഷണ സംഘം ഏത് നിമിഷവും വീണയ്ക്ക് സമന്‍സ് നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കേരളത്തിലെത്തിയത്. കൂടാതെ, ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലും സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.