പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം,ഫോണിൽ പീഡന ദൃശ്യങ്ങൾ ;തിരുവനന്തപുരത്ത് മുൻ സൈനികൻ അറസ്റ്റിൽ 

പൂവാർ∙ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. 10, 12 വയസ്സുള്ള സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്. ഇയാൾ മുൻ സൈനികനാണ്. സ്കൂളിൽവച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുൻ സൈനികൻ പിടിയിലായത്. ഇയാളുടെ ഫോണിൽ മറ്റു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന.

വനിതാ ശിശുവികസന വകുപ്പിൽ നിന്നുള്ള കൗൺസിലറോടാണ്, ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതൽ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തായത്. കൗൺസിലർ നൽകിയ വിവരം അനുസരിച്ച് സ്കൂൾ അധികൃതർ ഇക്കാര്യം പൂവാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെൺകുട്ടി മാനസികമായും ശാരീരികമായും വളരെയധികം ഉപദ്രവിക്കപ്പെട്ടതായാണ് കൗൺസിലർക്ക് ലഭിച്ച വിവരം. കഴിഞ്ഞ മ‌േയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മുൻപ് കുട്ടികളുടെ കുടുംബം പ്രതിയായ ഷാജിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തെ ഷാജി പണം നൽകി സഹായിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ അടുപ്പം സ്ഥാപിച്ച ശേഷം കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം. കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പ്രതി എത്തി പീഡിപ്പിച്ചു. കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. അച്ഛൻ തങ്ങളെ സ്ഥിരമായി മർദ്ദിക്കുമെന്നും കുട്ടികളുടെ മൊഴിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News