വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തെറ്റായ വിവരം നല്‍കിയെന്ന കുറ്റസമ്മതവുമായി മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍. കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച് 1980ല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്നാണ് മാര്‍പ്പാപ്പയുടെ പുതിയ വെളിപ്പെടുത്തല്‍. ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്ന് ജര്‍മനിയില്‍ നിന്നുള്ള അന്വേഷകരോട് പ്രസ്താവനയില്‍ അറിയിച്ചത് എഡിറ്റോറിയല്‍ പിശകായിരുന്നുവെന്നാണ് മാര്‍പ്പാപ്പയുടെ വിശദീകരണം.
1977നും 1982നുമിടയില്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായിരിക്കെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് നാല് വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് പതിനാറാമന്‍ പരാജയപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മുന്‍ മാര്‍പ്പാര്‍പ്പയുടെ കുറ്റസമ്മതമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ദിനാള്‍ പദവിയിലായിരുന്നു അന്ന് ബെനഡിക്ട് പതിനാറാമന്‍. തനിക്ക് സംഭവിച്ച തെറ്റില്‍ മുന്‍ മാര്‍പ്പാപ്പ ക്ഷമാപണം നടത്തുന്നുവെന്നും എഡിറ്റോറിയല്‍ തയ്യാറാക്കുന്ന സമയത്തെ മേല്‍നോട്ട പിശകാണ് അത്തരമൊരു തെറ്റ് സംഭവിക്കാന്‍ കാരണമായതെന്നും ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായ ജോര്‍ജ് ഗാന്‍സ്വീന്‍ വ്യക്തമാക്കി.
1945നും 2019നും ഇടയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ആരോപണവിധേയരായ വൈദികരെ മുന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപായിരുന്ന 1977-82 കാലയളവില്‍ അജപാലന ദൗത്യത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് നടന്നില്ലെന്നും തുടര്‍ച്ചയായി ആരോപണവിധേയനായിട്ടും ഒരു വൈദികനെ രൂപതയില്‍ പ്രവേശിപ്പിക്കാനായിരുന്നു 1980ല്‍ നടന്ന ചര്‍ച്ചയിലെ തീരുമാനമെന്നും നിയമസ്ഥാപനമായ വെസ്റ്റ്ഫാള്‍ സ്പില്‍ക്കര്‍ വാസ്റ്റലിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. 1986ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അശ്ലീലസാഹിത്യം വിതരണം ചെയ്തതിനും ശിക്ഷിക്കപ്പെട്ട ശേഷവും ഈ വൈദികനെ വൈദികവൃത്തിയില്‍ നിയമിച്ചതായായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ മുന്‍ മാര്‍പ്പാപ്പ പരാജയപ്പെട്ടുവെന്ന് രൂക്ഷമായ ആരോപണം ഉയരുന്നതിനിടെയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 2005 മുതല്‍ 2013 വരെയായിരുന്നു ബെനഡിക്ട് പതിനാറാമന്റെ കാലയളവ്. 2013ല്‍ അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞു. കാത്തോലിക്കാ സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പ്പാപ്പ സ്ഥാനത്ത് നിന്ന് സ്വയമൊഴിയുന്ന ആദ്യത്തെയാളാണ് ബെനഡിക്ട് പതിനാറാമന്‍.
വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ മുന്‍ മാര്‍പ്പാപ്പ ഇരയാക്കപ്പെട്ടവരോട് യാതൊരു സഹതാപവും കാട്ടിയിട്ടില്ലെന്നാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് നിയമ വിദഗ്ധന്‍ മാര്‍ട്ടിന്‍ പുഷ് വ്യക്തമാക്കിയത്. തന്റെ തെറ്റിനെ വെറും അശ്രദ്ധ മാത്രമായി ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി ന്യായീകരിക്കാന്‍ അതിനാവില്ലെന്നും പുഷ് അഭിപ്രായപ്പെട്ടു.