മുംബൈ:ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയം. ചിത്രത്തിലെ ഗാനരംഗത്ത് കാവി ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. പഠാൻ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവായ രൺവീർ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ.
എം നാഗേശ്വര റാവു എന്ന മുൻ ഐ പി എസ് ഓഫീസറാണ് രൺവീറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ സഹിക്കുന്ന ഇയാൾ എന്ത് തരത്തിലുള്ള ഭർത്താവാണ്’, എന്ന് ഇയാൾ ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റർ ബാൻ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
അതേസമയം, ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.
നിരവധി പേരാണ് ഗാനത്തിനെതിരെയും പഠാന്‍ സിനിമയ്ക്ക് എതിരെയും രംഗത്തെത്തുന്നത്. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.