30 C
Kottayam
Tuesday, May 14, 2024

മുൻ ഐബി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം; കാറിടിച്ച് കൊലപ്പെടുത്തിയത്; സിസിടിവി ദൃശ്യം പുറത്ത്

Must read

മൈസുരു: മൈസൂരുവിൽ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാറിടിച്ച് മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെ കാർ കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് വ്യക്തമായത്.

രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് വിരമിച്ച ആർ എൻ കുൽക്കർണി വെള്ളിയാഴ്ചയാണ് കാറിടിച്ച് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിൽ നിന്ന് ഇദ്ദേഹത്തെ ഇടിച്ച കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് മനസിലായി. കാർ വരുന്നത് കണ്ട് റോഡിന്റെ അരികിലേക്ക് മാറി നടന്ന കുൽക്കർണിയുടെ നേർക്ക് കാർ വളഞ്ഞുവരുന്നതും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിൽ ശരിയായ ദിശയിൽ പാഞ്ഞുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൊലപാകത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി മൈസുരു സിറ്റി പൊലീസ് കമ്മീഷണർ ചന്ദ്രഗുപ്ത വ്യക്തമാക്കി. കൊല്ലപ്പെട്ട ആർഎൻ കുൽക്കർണി നീണ്ട 35 വർഷക്കാലം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. മുൻകൂട്ടി പദ്ധതിയിട്ട് നടത്തിയ കൊലപാതകമാണിതെന്ന് കമ്മീഷണർ വ്യക്തമാക്കി. 

സർവീസിൽ നിന്ന് വിരമിച്ച കുൽക്കർണി ഫേസെറ്റ്സ് ഓഫ് ടെററിസം ഇൻ ഇന്ത്യ (Facets of terrorism in India) എന്ന പേരിൽ ഇന്ത്യയിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിരുന്നു. ഇത് ഈയടുത്താണ് വിപണിയിലിറങ്ങിയത്. ഇതാണ് കുൽക്കർണിയുടെ മരണത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week