മണ്ണാര്‍ക്കാട്: ഫണ്ട് തിരിമറി ആരോപണത്തില്‍ സി.പി.എം. നേതാവ് പി.കെ ശശിയ്ക്ക് തിരിച്ചടി. പി.കെ. ശശി നടത്തിയ ഫണ്ട് തിരിമറിയുടെ രേഖകള്‍ പുറത്തുവന്നു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ക്കൊപ്പമുള്ള രേഖകളാണിത്. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന് പി.കെ.ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കു മാറ്റിയ പത്തു ലക്ഷം രൂപയുടേയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ പി.കെ. ശശിയുടെ അക്കൗണ്ടിലേക്കുപോയ പത്തുലക്ഷം രൂപയുടെയും രേഖകളുള്‍പ്പടെയാണ് പുറത്തുവന്നത്.
യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ സഹോദരിയുടെ മേല്‍വിലാസത്തില്‍ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് ഉടന്‍ സമര്‍പ്പിക്കും.
കഴിഞ്ഞ ദിവസം നടന്ന മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. പ്രധാനമായും ഏഴു രേഖകളാണ് ശശിയ്‌ക്കെതിരെ വിവിധ അംഗങ്ങള്‍ നല്‍കിയത്. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നുള്ള അഞ്ച് കോടി അറുപത് ലക്ഷം രൂപ യൂണിവേഴ്‌സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിന്റെ വിവിധ സൊസൈറ്റികളില്‍ പാര്‍ട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങളുടെ രേഖകള്‍
യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ സഹോദരിയുടെ മേല്‍വിലാസത്തില്‍ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതിന്റെ തെളിവുകള്‍, ഡ്രൈവര്‍ പി.കെ ജയന്റെ പേരില്‍ അലനെല്ലൂര്‍ വില്ലേജ് പരിസരത്തു വാങ്ങിയ ഒരു കോടിയ്ക്കു മുകളില്‍ വിലവരുന്ന സ്ഥലത്തിന്റെ ആധാരവും അതിന്റെ പോക്കുവരവ് നടത്തിയ രേഖകളും, മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള സ്ഥലക്കച്ചവടത്തിന്റെ രേഖകള്‍
യൂണിവേഴ്‌സല്‍ കോളേജിനു സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖ, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി.കെ.ശശിയുടെ റൂറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്കു മാറ്റിയ പത്ത് ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്കു മാറ്റിയ പത്ത് ലക്ഷത്തിന്റെയും കണക്കുകള്‍ എന്നിവയാണ് പുത്തലത്ത് ദിനേശന് ഏരിയാ കമ്മിറ്റി യോഗത്തില്‍ വിവിധ അംഗങ്ങള്‍ നല്‍കിയത്. അംഗങ്ങളുടെ മൊഴിയെടുക്കുകയും പി.കെ.ശശിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെയുള്ള വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണങ്ങള്‍ മാത്രമാണിതെന്നായിരുന്നു പി.കെ. ശശിയുടെ വിശദീകരണം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക.