InternationalNews

എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുന്നു; ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനം: പുടിന്‍

മോസ്‌കോ: റഷ്യക്കെതിരായ പശ്ചാത്ത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുക്രൈന്‍ അധിനിവേശം തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിന്‍ ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോള്‍ യുക്രൈന്‍-റഷ്യ യുദ്ധം നടക്കുന്നതെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു പ്രതികരണം.

യുക്രൈനെതിരെ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിക്കാനുള്ള തീരുമാനം എടുക്കുന്നത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന്പുടിന്‍ പറഞ്ഞു. ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു അത്തരമൊരു തീരുമനം. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ റഷ്യ ശ്രമിച്ചുവെന്ന് പുടിന്‍ ആവര്‍ത്തിച്ചു.

‘ഡോണ്‍ബസിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി റഷ്യന്‍ ഭാഷ സംസാരിക്കാനും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും അനുവദിക്കണമായിരുന്നു. പകരം യുക്രൈന്‍ അധികൃതര്‍ ഈ മേഖയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.

റഷ്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ‘ജിഹാദി കാറുകള്‍’ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പോരാളികളെ യുക്രൈനില്‍ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്’ പുടിന്‍ ആരോപിച്ചു. ഇതുവരെ അത്തരം ആക്രമണങ്ങള്‍ വിജയിച്ചിട്ടില്ല. തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെ സൈനിക നടപടി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സൈന്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഓപ്പറേഷന്റെ മുഴുവന്‍ ചലനവും അത് തെളിയിക്കുന്നു. എല്ലാം പ്ലാന്‍ അനുസരിച്ച്, ഷെഡ്യൂള്‍ അനുസരിച്ച് നടക്കുന്നു…’ പുടിന്‍ പറഞ്ഞു.

അതേസമയം, റഷ്യയിൽ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യൻ ടെലിവിഷനിൽ ഏയ്റോ ഫ്ലോട്ട് എന്ന റഷ്യൻ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്ലൈറ്റ് അറ്റൻഡന്‍റുമാരുമായി പുടിൻ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 

പൗരനിയമങ്ങളെല്ലാം പിൻവലിക്കപ്പെട്ട് എല്ലാ ഭരണസംവിധാനങ്ങളും പട്ടാളത്തിന്‍റെ അധീനതയിലാകുന്ന സ്ഥിതിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചാലുണ്ടാകുക. പുറത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽപ്പോലും ഉടനടി പട്ടാളനിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ വ്യക്തമാക്കുന്നു. 

അതേസമയം, റഷ്യൻ ഔദ്യോഗികവിമാനസർവീസായ ഏയ്റോഫ്ലോട്ട് എല്ലാ അന്താരാഷ്ട്രവിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസർവീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസർവീസുകൾ തുടരുമെന്നും ഏയ്റോഫ്ലോട്ട് വ്യക്തമാക്കുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങളെ സ്വന്തം രാജ്യങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. റഷ്യയിലേക്ക് ഈ രാജ്യങ്ങളുടെ വിമാനസർവീസുകളും വിലക്കിയാണ് റഷ്യ തിരിച്ചടിച്ചത്.

.

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു.

അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. 

യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ – റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്. 

താൽക്കാലിക വെടിനി‍ർത്തൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. അസോവ കടൽത്തീരത്തെ മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ. പക്ഷേ, വെടിനിർത്തൽ പ്രഖ്യാപനത്തിൽ മാത്രമേയുള്ളൂ എന്നാണ് യുക്രൈൻ ആരോപിക്കുന്നത്. റഷ്യ ഷെല്ലിംഗ് നിർത്താതെ തുടരുന്നതിനാൽ പൗരൻമാരെ ഒഴിപ്പിക്കുന്നത് റഷ്യ നിർത്തിവച്ചിരിക്കുകയാണ്. 

മരിയുപോളിൽ നിന്ന് നികോൾസ്ക്, റോസിവ്ക, ബിൽമാക്, പൊളോഹി, ഒറികിവ് വഴി സപോറിഷ്യയിലേക്ക് പൗരൻമാരെ ഒഴിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തി ഉണ്ടാക്കിയ ധാരണ പ്രകാരം വെടിനിർത്തൽ പ്രഖ്യാപിച്ചത്. നേരത്തേ പറഞ്ഞ പ്രദേശങ്ങൾ വഴിയാണ് ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’യായി കണക്കാക്കി പൗരൻമാരെ ഒഴിപ്പിക്കേണ്ടത്. പ്രാദേശികസമയം രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെ (ഇന്ത്യൻ സമയം രാവിലെ 7 മുതൽ 2 മണി വരെ) ആളുകൾക്ക് നേരത്തേ വ്യക്തമാക്കിയ വഴിയിലൂടെ ഒഴിഞ്ഞുപോകാം എന്നാണ് ധാരണ. അവിടെ റഷ്യ ആക്രമണം നടത്തില്ല എന്നും ധാരണയായിരുന്നു. എന്നാൽ വെടിനിർത്തൽ പറച്ചിലിൽ മാത്രമൊതുങ്ങിയെന്നും മേഖലയിൽ കനത്ത ഷെല്ലിംഗ് നടക്കുകയാണെന്നും യുക്രൈൻ ആരോപിക്കുന്നു. 

എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി. സുമിയിലും ഹാർകീവിലും ചെർണിഹീവിലുമെല്ലാം ആക്രമണം തുടരുകയാണ് ഇപ്പോഴും റഷ്യ.

യുക്രൈനിൽ നിന്ന് യുദ്ധം തുടങ്ങിയ ശേഷം പലായനം ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. നാട് വിട്ടോടേണ്ടി വന്നവർക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്‍റ് സെലൻസ്കിയുടെ ശുഭാപ്തി വിശ്വാസം. 

അതേസമയം, യുക്രൈനിലെ ഹെർസോൺ നഗരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയും ഇന്ന് കണ്ടു. റഷ്യ പൂർണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന നഗരമാണ് ഹെർസോൺ. രണ്ടായിരത്തോളം സമരക്കാരാണ് പ്രതിഷേധവുമായി പ്രാദേശികസമയം രാവിലെ തെരുവിലിറങ്ങിയത്. സിറ്റി സെന്‍ററിലേക്ക് യുക്രൈനിയൻ ദേശീയഗാനം പാടി നടന്നെത്തിയ സമരക്കാർ ‘ഹെർസോൺ യുക്രൈന്‍റേത്’, ‘റഷ്യക്കാർ തിരികെ പോകുക’ എന്നീ മുദ്രാവാക്യങ്ങളുമുയർത്തി. നീപർ നദിയുടെ തെക്കൻ അറ്റത്തുള്ള നഗരമാണ് ഹെർസോൺ. ക്രിമിയയിലേക്കുള്ള ജലവിതരണത്തിന്‍റെ കേന്ദ്രം. മൂന്ന് ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നതെന്നാണ് കണക്ക്. നഗരമെമ്പാടും റഷ്യൻ മിലിട്ടറി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനെല്ലാമിടയിലാണ് ജീവൻ പണയം വച്ചും ഹെർസോൺ പൗരൻമാർ സമരത്തിനിറങ്ങിയത്.

അതേസമയം, റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുന്നതിന്‍റെയും റഷ്യൻ മിലിട്ടറി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്‍റെയും നിരവധി ദൃശ്യങ്ങളാണ് യുക്രൈനിയൻ സൈന്യം പുറത്തുവിടുന്നത്. ദുർബലമായ സൈന്യമാണ് തങ്ങളുടേതെങ്കിലും ശക്തമായ റഷ്യൻ സൈന്യത്തെ പരമാവധി പ്രതിരോധിക്കുകയാണ് യുക്രൈൻ. വിദേശത്ത് നിന്ന് റഷ്യക്കെതിരെ പോരാടാനായി 66,000 പേർ രാജ്യത്ത് തിരികെയെത്തി എന്നാണ് യുക്രൈൻ അവകാശവാദം. 

ഇതിനിടെ, ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും യൂട്യൂബിനും വിലക്കേർപ്പെടുത്തി റഷ്യ. വിവിധ അന്താരാഷ്‍ട്ര മാധ്യമങ്ങളുടെ സൈറ്റുകൾക്കും വിലക്കുണ്ട്. വ്യാജ വാർത്തകൾ തടയുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം. ഇതോടെ ബിബിസി, സിഎൻഎൻ, ബ്ലൂംബർഗ്, എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നീ മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള പ്രവർത്തനം നിർത്തി. റഷ്യക്കെതിരെ ‘വ്യാജവാർത്ത’ നൽകിയാൽ 15 വർഷം ജയിൽ ശിക്ഷ നൽകുന്ന പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനവാർത്താമാധ്യമങ്ങളെല്ലാം റഷ്യ വിട്ടത്. പേയ്‍പാൽ, സാംസങ് എന്നീ കമ്പനികൾ റഷ്യയിലെ പ്രവ‍ർത്തനം അവസാനിപ്പിച്ചുകഴിഞ്ഞു. 

അമേരിക്കൽ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പോളണ്ടിലെത്തിയിട്ടുണ്ട്. യുക്രൈൻ അതിർത്തിയിൽ പോളിഷ് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. റഷ്യക്കെതിരെ പടിഞ്ഞാറൻ ഐക്യം ഉറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യം.

അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലഹാരിസും കിഴക്കൻ യൂറോപ്പ് സന്ദർശിക്കും. മാർച്ച് 9 മുതൽ 11 വരെ പോളണ്ടിലും, റൊമാനിയയിലും കമല ഹാരിസ് എത്തും. യൂറോപ്പിലെ നാറ്റോ കക്ഷികൾക്കുള്ള പിന്തുണ പ്രഖ്യാപനം കൂടിയാണ് സന്ദർശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button