കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്‌നിന്റെ അപേക്ഷ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു.
ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടപടികളുടെ ഭാഗമായി വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്‌കി സംസാരിച്ചതിന് പിന്നാലെയാണ് നടപടി.
റഷ്യയുടെ ആക്രമണത്തിന് പകരമായി യുക്രെയ്നിലെ ജനങ്ങള്‍ വലിയ വിലയാണ് നല്‍കുന്നത്. ഖാര്‍കിവ് നഗരത്തില്‍ രാവിലെ ക്രൂയിസ് മിസൈലുകളാണ് പതിച്ചതെന്നും ഏറ്റവുമധികം സര്‍വകലാശാലകളുള്ള നഗരമാണ് ഖാര്‍കീവെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു. സ്വന്തം ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമാണ് ഞങ്ങള്‍ പോരാടുന്നത്. യുക്രെയ്‌നുമുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാകും. യൂറോപ്യന്‍ യൂണിയന്‍ ഇല്ലെങ്കില്‍ യുക്രെയ്ന്‍ ഒന്നുമല്ലാതകുമെന്നും സെലന്‍സ്‌കി യുറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
യുക്രെയ്‌ന്റെ സ്വാതന്ത്ര്യ ചത്വരം അവര്‍ തകര്‍ത്തു. പക്ഷേ യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഇത് യുക്രെയ്‌നികളാണ്.. യൂറോപ്യന്‍മാരാണെന്നും കരുത്തരാണെന്നും ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.