തിരുവനന്തപുരം: എറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന രുദ്രാക്ഷ മാലയിൽ കൃത്രിമം നടന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനുത്തരവാദി മുൻ മേൽശാന്തിയാണെന്ന് ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തി. ദേവസ്വം ബോർഡ് വിജിലൻസിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് വിലയിരുത്തൽ.
വിഗ്രഹത്തിൽ ചാർത്തുന്ന മാല മാറ്റിയതായി ബോർഡ് സ്ഥിരീകരിച്ചു. ഇതിന് ഉത്തരവാദി മുൻ മേൽശാന്തി മാത്രമാണെന്നും ഇയാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ബോർഡ് ശുപാർശ ചെയ്തു
81 മുത്തുള്ള മാലയ്ക്ക് പകരം 72 മുത്തുള്ള മറ്റൊരു മാലയാണ് ഇപ്പോഴുള്ളത്. ഇത് പഴയ മാലയല്ലെന്നാണ് ബോർഡിന്റെ നിഗമനം. സംഭവത്തിൽ ബോർഡ് ജീവനക്കാർക്ക് പങ്കില്ല. എന്നിരുന്നാലും സംഭവം കൃത്യമായി അറിയിക്കാതിരുന്ന ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ബോർഡ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.