കോട്ടയം :ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം ഇന്ന്. രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും.
ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപൊന്നാനയെ സൂക്ഷിക്കുക. ഏട്ടാം ഉത്സവത്തിനും അറാട്ടിനും മാത്രമാണ് ഇത് പുറത്തെടുക്കുന്നത്.
രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന. ഏഴരപൊന്നാന അഷ്ടദിഗ്ഗചജങ്ങളെ പ്രതിനാധനം ചെയ്യുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് 7143 കഴഞ്ച് സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചഏഴരപൊന്നാനയെ നടക്ക് വച്ചതെന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 926ല്‍ ഏഴരപൊന്നാനയെ നടക്കുവെച്ചതാണെന്നും വിശ്വാസമുണ്ട്.
രാത്രി 12 നാണ് ആസ്ഥാനമണ്ഡപത്തില്‍ ഭക്തര്‍ക്ക് ഏഴരപ്പൊന്നാന ദര്‍ശിയ്ക്കാന്‍ അവസരമുള്ളത്.9 മണി മുതല്‍ തിരുവരങ്ങില്‍ സിനിമാതാരം രചന നാരായണന്‍കുട്ടിയുടെ ശാസ്ത്രീയ നൃത്തം അരങ്ങേറും
ഏറ്റുമാനൂർ ഉത്സവത്തോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് ജില്ലാപോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും,മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
ഏറ്റുമാനൂരും പരിസരങ്ങളിലുമായി 50 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിഗും, കൺട്രോൾ റൂം വാഹന പെട്രോളിഗും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരും, പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.