ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും അയോഗ്യയാക്കാൻ ശുപാർശ. മഹുവയ്ക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്ക് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ പാസ്സായി. റിപ്പോർട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കെെമാറും.
പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ടിന്മേൽ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. നവംബർ രണ്ടിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മെഹുവയുടെ പാർലമെന്ററി ഡിജിറ്റൽ അക്കൗണ്ടിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, സ്പീക്കർ പരാതി സഭയുടെ എത്തിക്‌സ് സമിതിക്ക് വിടുകയായിരുന്നു.
അതിനിടെ, അവർക്കെതിരെ ലോക്പാൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതായും ദുബെ അവകാശപ്പെട്ടു. എന്നാലിതു സംബന്ധിച്ച് ഔദ്യോഗികവിശദീകരണങ്ങളൊന്നുമില്ല. മോദിജിയുടെ ഭരണകാലത്തും ലോക്പാൽ നിലവിലുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് വാദത്തിൽ മഹുവ മൊയ്ത്ര തിരിച്ചടിച്ചു. ആദ്യം അദാനി ഗ്രൂപ്പിന്റെ 13,000 കോടി രൂപയുടെ കൽക്കരി അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ അവർ എഫ്.ഐ.ആർ. ഫയൽ ചെയ്യട്ടേയെന്നും മഹുവ എക്‌സിൽ കുറിച്ചു.