കൊച്ചി:കോവിഡ് ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം കളമശ്ശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 5618. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇതില്‍ 284 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തീവ്ര ലക്ഷണങ്ങളുമായി കോവിഡ് ട്രിയാജിലെത്തിയവരില്‍ 106 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഹൃദ്രോഗവും ന്യൂമോണിയയുമായി പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ മരിച്ചു. 20 വിദേശ പൗരന്‍മാരെ അടക്കം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചു. വന്ദേഭാരത് മിഷനില്‍ പങ്കെടുക്കുന്ന പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരും അടക്കമുള്ള ജീവനക്കാരുടെ സ്രവശേഖരണത്തിനും പരിശോധനയ്ക്കുമായി പത്തംഗ മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കുന്നു.
ആശുപത്രിയിലെ ഗൈനക്കോളജി കിടത്തി ചികിത്സാ വിഭാഗത്തില്‍ 40 പേരും ഈ കാലയളവില്‍ ചികിത്സയ്ക്കെത്തി. ആറ് സാധാരണ പ്രസവങ്ങളും ഏഴ് സിസേറിയന്‍ പ്രസവങ്ങളുമാണ് ആശുപത്രിയില്‍ നടന്നത്. സിസേറിയന്‍ പ്രസവം നടന്നതില്‍ ഒരാള്‍ കോവിഡ് പൊസിറ്റീവായിരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ ട്രിയാജ്, കൊവിഡ് പൊസിറ്റീവ്, നെഗറ്റീവ്, സ്പെഷ്യല്‍ ലേബര്‍ റൂം എന്നിവ അടക്കം സജ്ജീകരിച്ചാണ് ചികിത്സ നടത്തുന്നത്. നവജാത ശിശുക്കള്‍ക്കായി കോവിഡ് പൊസിറ്റീവ്, നെഗറ്റീവ് നവജാത ഐ.സി.യുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു.
ജില്ലയിലെ പല ഭാഗങ്ങളിലായി ക്വാറന്‍റീനിലായിരുന്ന വിദേശി അടക്കം ആറ് വൃക്കരോഗികള്‍ക്ക് ആശുപത്രിയില്‍ ഡയാലിസിസ് നടത്തി. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് നടത്താവുന്ന മെഡിക്കല്‍ കോളേജിലെ കേന്ദ്രത്തില്‍ പ്രതിദിനം 20 ഡയാലിസിസുകള്‍ ഇപ്പോഴും നടക്കുന്നു.
കോവിഡ് ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിന്‍റെ മൊത്തം 463510 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 76 ശതമാനവും കോവിഡ് ചികിത്സാ സംവിധാനങ്ങള്‍ക്കായാണ് വിനിയോഗിച്ചിരിക്കുന്നത്. രാജ്യാന്തര മാനദണ്ഡത്തിലുള്ള അണുവിമുക്ത സജ്ജീകരണങ്ങളാണ് കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ക്യാമറ അടക്കം കര്‍ശനമായ സുരക്ഷാ സംവിധാനവും 24 മണിക്കൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് വിഭാഗങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. ലോക് ഡൗണ്‍ ഇളവുകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലേക്ക് ഏറ്റവുമധികം വിമാനങ്ങളും കപ്പലുകളുമെത്തുന്ന കേന്ദ്രമായി കൊച്ചി മാറിയിരിക്കെ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി തുടരുകയാണ്. ജില്ലയിലെ മറ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കാവശ്യമായ സാങ്കേതിക, ചികിത്സാ പിന്തുണ നല്‍കുന്നതും മെഡിക്കല്‍ കോളേജാണ്. മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ ലാബറട്ടറി സജ്ജീകരിച്ചതിന് ശേഷം കോവിഡ് കണ്ടെത്തുന്നതിനായി 8218 സാമ്പിളുകളാണ് പരിശോധിച്ചത്. സിബി നാറ്റ് പരിശോധനയ്ക്ക് 356 സാമ്പിളുകളും വിധേയമാക്കി.
ആകെ 208 ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളിലായി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 65 പേര്‍ പ്രതിദിന കോവിഡ് ചികിത്സാ ഡ്യുട്ടിയുടെ ഭാഗമായി കണ്‍ട്രോള്‍ റൂം, മെഡിക്കല്‍ ഐ.സി.യു, ട്രിയാഷ്, ഐസൊലേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 94 ഹൗസ് സര്‍ജന്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതില്‍ 67 പേരെ ജനറല്‍ ആശുപത്രിയിലേക്കും മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും അയച്ചു. 27 ഹൗസ് സര്‍ജന്‍മാരാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സാരംഗത്തുള്ളത്. ലാബറട്ടറിയില്‍ 11 ഡോക്ടര്‍മാരടക്കം 32 ജീവനക്കാര്‍. 270 സ്റ്റാഫ് നഴ്സുമാരില്‍ 132 പേര്‍ പ്രതിദിന ഐസൊലേഷന്‍ ഡ്യൂട്ടിയിലുണ്ട്. അറ്റന്‍ഡര്‍, നഴ്സിംഗ് അസിസ്റ്റന്‍റ് വിഭാഗത്തില്‍ 85 പേരും ക്ലീനിംഗ് വിഭാഗത്തില്‍ 80 പേരും വിവിധ വിഭാഗങ്ങളിലായി പ്രതിദിനം പ്രവര്‍ത്തിക്കുന്നു.
മെഡിക്കല്‍ ഉപകരണങ്ങളുടെ കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനായി ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ പ്രത്യേക സംഘത്തെയും 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജിന്‍റെ മൊത്തം ജീവനക്കാരില്‍ 60 ശതമാനവും നിലവില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. ഒരാഴ്ച്ച സേവനത്തിനു ശേഷം ക്വാറന്‍റീനില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് ഡ്യൂട്ടിയിലുള്ള ആംബുലന്‍സുകളുടെ അണുവിമുക്തമാക്കല്‍ അടക്കമുള്ള ശുചീകരണപ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്. പ്രതിദിനം ആറ് പോസ്റ്റുമോര്‍ട്ടങ്ങളും മെഡിക്കല്‍ കോളേജില്‍ നടക്കുന്നു. സ്രവശേഖരണവും പരിശോധനയും നടത്തിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടം.
മെഡിക്കല്‍ കോളേജിലെ ലാബ് സേവനങ്ങളും സി.ടി സ്കാന്‍, പോര്‍ട്ടബ്ള്‍ എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാന്‍ സംവിധാനങ്ങളും പൂര്‍ണമായും കോവിഡ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുകയാണ്. 750 എക്സ് റേ, 60 സി.ടി സ്കാന്‍, 4200 സീറം പരിശോധന എന്നിവയും ഇക്കാലയളവില്‍ നടന്നു.
കോവിഡ് രോഗ ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമായി മെഡിക്കല്‍ ബോര്‍ഡ് പ്രതിദിനം ചേരുന്നുണ്ട്. രോഗികളുടെ ഡിസ്ചാര്‍ജ്, അങ്കമാലിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് രോഗികളെ അയക്കല്‍ എന്നിവയ്ക്കായി അഞ്ചു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നു.
ആരോഗ്യവകുപ്പിന്‍റെ ഇ ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ കോവിഡ് ചികിത്സയ്ക്കായി പരിഷ്കരിച്ച് ആദ്യമായി പ്രവര്‍ത്തനസജ്ജമാക്കിയതും എറണാകുളം മെഡിക്കല്‍ കോളേജിലാണ്.