33.4 C
Kottayam
Sunday, May 5, 2024

എറണാകുളത്തിന്റെ കിഴക്കൻ മേഖല വെള്ളത്തിൽ, 5 ക്യാമ്പുകൾ തുറന്നു

Must read

 

കോതമംഗലം: കാലവർഷക്കെടുതിയെ തുടർന്ന് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, മണികണ്ഠൻ ചാൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. കുട്ടമ്പുഴ സി.എസ്.ഐ ചർച്ചിൽ 5 കുടുംബങ്ങളും കുട്ടമ്പുഴ ജി.എച്ച്.എസ്.എസിൽ വൃദ്ധസദനത്തിലെ ആറ് പേരും വടാട്ടുപാറ അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളും തൃക്കാരിയൂർ എൽ.പി സ്കൂളിൽ ഒരു കുടുംബവും കോതമംഗലം ടൗൺ യു.പി. സ്കൂളിൽ 10 കുടുംബങ്ങളും എത്തിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മണികണ്ഠൻ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കുട്ടമ്പുഴ ടൗണിലും ഏത് സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. മഴയോടൊപ്പമാഞ്ഞടിച്ച കാറ്റിൽ കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഒരു വീടും കടവൂർ വില്ലേജ് പരിധിയിൽ രണ്ട് വീടുകളും ഭാഗീകമായി തകർന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൊട മുണ്ട പാലം വെള്ളത്തിനടിയിലായത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചു. ഇവിടെ 18 വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച ഉച്ചയോടെ കുരുർ തോട് കരകവിഞ്ഞ് ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കല്ലേലി മേടിൽ ഉരുൾപൊട്ടി പ്രദേശത്തെ റേഷൻ കടയടക്കം മൂന്ന് കടകളിലും 12 വീടുകളിലും വെള്ളം കയറി.നേര്യമംഗലം സർക്കാർ കൃഷിഫാമിലെ ഏക്കറ് കണക്കിന് കൃഷിയും വെള്ളത്തിനടിയിലായി.
അടിയന്തിര സാഹചര്യത്തെ നേരിടാൻ കോതമംഗലം താലൂക്കോഫീസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0485-2860 468
കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപൊക്ക ഭീഷണിയില്‍. ഏത് അടിയന്തിര സാഹചര്യവും നേരിടാനായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് താലൂക്ക് ഓഫീസിൽ പ്രത്യേക സജീകരണവും ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടിയതോടെയാണ് മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളപൊക്ക ഭീഷണിയിലായത്. രണ്ട് ദിവസമായി തുടരുന്ന മഴയാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കൃമാതീതമായി ഉയരാന്‍ കാരണം. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ 80-സെന്റീമീറ്റർ ഉയർത്തിയതോടെ മൂവാറ്റുപുഴയാറിലേക്കുള്ള നീരൊഴ്ക്കും വർന്ധിച്ചിട്ടുണ്ട്. ഇതിന് പുറമെ മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലും കനത്ത മഴയും കാളിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതും വെള്ളപൊക്ക ഭീഷണിക്ക് കാരണമായിട്ടുണ്ട്. മൂവാറ്റുപുഴയാറിന്റെയും, കാളിയാറിന്റെയും, തൊടുപുഴയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം കയറിയതോടെ ഇലാഹിയ നഗർ, കടാതി ആനിക്കാക്കുടി കോളനി പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗൺ യു പി സ്കൂളിലും, കടാതി എൻ.എസ്.എസ് ഹാളിലുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മൂവാറ്റുപുഴ ഹോമിയോ ആസ്പത്രിയിലും വെള്ളം കയറി. മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, എട്ടങ്ങാടി, കാളചന്ത, കൂളുമാരി, രണ്ടാർ,സ്റ്റേഡിയം അടക്കമുള്ള സ്ഥലങ്ങളെല്ലാം തന്നെ വെള്ളപൊക്ക ഭീക്ഷണി നിലനിൽക്കുകയാണ്. മൂവാറ്റുപുഴയിലെ ചെറുതും വലുതുമായ തോടുകളെല്ലാം തന്നെ കരകവിഞ്ഞാണ് ഒഴുകുന്നത്. കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴ താലൂക്കില്‍ കാലവര്‍ഷകെടുതി, പ്രകൃതി ദുരന്തം അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഏതൊരു അടിയന്തിര ഘട്ടത്തേയും നേരിടുന്നതിനായി താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മലങ്കര ഡാമിലെ ജല നിരപ്പ് പരിശോധിക്കാനും പുറത്ത് വിടുന്ന ജലത്തിന്റെ അളവ് ബന്ധപ്പെട്ട വകുപ്പ് മേധവികളെ അറിയിക്കാനും തീരുമാനിച്ചു. 41.09 അടി ജലനിരപ്പാണ് നിലവില്‍ ഡാമിലുള്ളത്. ആറ് ഷട്ടറുകള്‍ 80- ക്യുമിക് ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിട്ടുണ്ടന്നും, കൂടുതല്‍ ജലം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾക്ക് ശേഷമേ ഷട്ടട്ടറുകൾ തുറക്കാവുവെന്ന് ഇടുക്കി കളക്ടർക്ക് എൽദോ എബ്രഹാം എം എൽ എ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week