KeralaNews

റവന്യൂ പുരസ്കാര നിറവിൽ എറണാകുളം, ജില്ലയ്ക്ക് മൂന്ന് പ്രധാന പുരസ്കാരങ്ങൾ

കൊച്ചി:റവന്യൂ പുരസ്കാര നിറവിൽ എറണാകുളം.സംസ്ഥാന റവന്യൂ പുരസ്കാരങ്ങളിൽ അഭിമാനാർഹമായ നേട്ടവുമായി എറണാകുളം ജില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്കായി കൊച്ചി നഗര കേന്ദ്രം ഉൾക്കൊള്ളുന്ന കണയന്നൂർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ മികച്ച മൂന്ന് തഹസിൽദാർമാരുടെ പട്ടികയിലും കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ് ഉൾപ്പെട്ടു. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജും ഇതേ പുരസ്കാരത്തിന് അർഹനായി. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലെ അഞ്ജലി പരമേശ്വരനാണ് മികച്ച ഹസാഡ് അനലിസ്റ്റ്.

റവന്യൂ പിരിവിലും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതിലും കൈവരിച്ച മികവാണ് കണയന്നൂർ താലൂക്കിനെയും തഹസിൽദാർ രഞ്ജിത് ജോർജിനേയും പുരസ്കാരത്തിലേക്ക് നയിച്ചത്. കെട്ടിട നികുതി കുടിശിക ഇനത്തിൽ മാത്രം 16 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം താലൂക്കിൽ നിന്നും സംസ്ഥാന ഖജനാവിലെത്തിയത്. അനധികൃത മണ്ണെടുപ്പ്, നിലം നികത്തൽ എന്നിവയ്ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. ഇടനിലക്കാരെ ഒഴിവാക്കുന്നതിലും കണയന്നൂർ താലൂക്ക് വിജയം കൈവരിച്ചു.

1996 ൽ റവന്യൂ സർവീസിൽ പ്രവേശിച്ച രഞ്ജിത് ജോർജ് ജില്ലാ പ്രോട്ടോകോൾ ഓഫീസർ, മൂവാറ്റുപുഴ, പാല തഹസിൽദാർ പദവികളും വഹിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനങ്ങൾ ആണ് തഹസിൽദാർ വിനോദ് രാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്കിൽ നടന്നത്. 61 ദിവസത്തോളം സമൂഹ അടുക്കളകൾ വഴി ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുകയും ചെയ്തു. ദിനം പ്രതി രണ്ടായിരത്തോളം പേർക്കാണ് സമൂഹ അടുക്കളകളിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകിയത്. 2019 ജൂലൈ മുതൽ കുന്നത്തുനാട് താലൂക്കിൽ സേവനമനുഷ്ഠിച്ചു വരികയാണ് വിനോദ് രാജ്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പാലക്കാടും ഇദ്ദേഹം പ്രവർത്തിച്ചു.

പ്രളയം, കോവിഡ് എന്നിവയടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നണിയിലായിരുന്നു അഞ്ജലി പരമേശ്വരന്റെ പ്രവർത്തനം. ദുരന്ത നിവാരണ വിഭാഗത്തിന്റെ പ്രവർത്തനം ആധുനികവൽക്കരിക്കുന്നതിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.പുരസ്കാര ജേതാക്കളെ ജില്ലാ കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button