KeralaNews

ചായ വിറ്റ് ഐ.എ.എസ് നേടാന്‍ പരിശ്രമം; സംഗീത ചിന്നമുത്തുവിന് പ്രചോദനമായി ഒടുവില്‍ യഥാര്‍ത്ഥ ഐ.എ.എസ് ഓഫീസറെത്തി

കൊച്ചി: ഐ.എ.എസ് എന്ന സ്വപ്നം സാക്ഷാത്ക്കരിയ്ക്കുന്നതിനായി ചായ വിറ്റും ശ്രമം നടത്തുന്ന സംഗീത ചിന്നമുത്തുവിന് പ്രചോദനമായി ഒടുവില്‍ യഥാര്‍ത്ഥ ഐ.എ.എസ് ഓഫീസര്‍ ചായക്കടയിലെത്തി. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികാണ് സംഗീതയുടെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായെത്തിയത്. എന്നാല്‍,കളക്ടര്‍ നേരിട്ടെത്തിയതില്‍ സംഗീതയ്ക്കും നിറഞ്ഞ സന്തോഷം.

ജീവിത പ്രതിസന്ധികള്‍ക്കിടയിലും വലിയ സ്വപ്നങ്ങള്‍ കാണുന്ന സംഗീത മാതൃകയാണ്. സംഗീതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എന്തു സഹായവും ചെയ്യാമെന്ന് കളക്ടര്‍ അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ പ്രഭാത നടത്തത്തിനും വ്യായാമം ചെയ്യാനുമായി എത്തുന്നവര്‍ക്ക് സുപരിചിതമാണ് ഈ എം.കോം കാരി. നല്ല ചൂടേറിയ ഹെര്‍ബല്‍ ടീയും സ്‌പെഷ്യല്‍ അടയുമാണ് സംഗീതയുടെ മാസ്റ്റര്‍ പീസ്.

പോണോത്ത് റോഡിലെ വീട്ടില്‍ പുലര്‍ച്ചെ അമ്മയോടൊപ്പം എഴുന്നേറ്റ് സ്‌പെഷ്യല്‍ അടയും ചായയും ഉണ്ടാക്കാന്‍ തുടങ്ങും. 6.30 ഓടെ കലൂര്‍ സ്റ്റേഡിയത്തിന് പിറകിലുള്ള റോഡില്‍ ചൂട് ചായയും സ്‌പെഷ്യല്‍ അടകളുമായി എത്തും. ഒന്‍പതുമണി വരെയാണ് കച്ചവടം. പാലും പഞ്ചസാര ഉപയോഗിക്കാതെ കരിപ്പെട്ടിയും ചുക്കും മറ്റ് ഔഷധക്കൂട്ടുകളുമെല്ലാം ചേര്‍ത്ത ഹെര്‍ബല്‍ ടീയാണ് വില്പന നടത്തുന്നത്.

ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം പഠനമടക്കമുള്ള സ്വന്തം ആവശ്യങ്ങള്‍ക്കെടുക്കും. അതോടൊപ്പം കുടുംബത്തിനും സഹായം ചെയ്യും. കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐ.എ.എസ്. നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇഗ്‌നോ വഴിയാണ് എം കോം ചെയ്തത്. എം.കോം പഠന സമയത്ത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button