കരാര്‍ ജോലി കൊവിഡോടെ പൊളിഞ്ഞു,സാമ്പത്തിക ബാധ്യത,ബ്ലേഡ് മാഫിയ വിഷ്ണുവിനെ മര്‍ദ്ദിച്ചു,രശ്മിയെ അപമാനിച്ചു,ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണം

വിഷ്ണുവിനെ മർദിച്ചു, രശ്മിയെ ഹോസ്റ്റലിലെത്തി അവഹേളിച്ചു; ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ; മരണം മരുന്ന് കുത്തിവച്ച്?

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു.

രശ്മി ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയില്‍ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയില്‍ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോണ്‍ട്രാക്ടുകള്‍ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാള്‍ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കള്‍ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മര്‍ദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

കെട്ടിട നിര്‍മാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാര്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്‍കി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മര്‍ദനവും ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ രാമപുരം മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലീസ് പറയുന്നത്. മരുന്നു കുത്തിവച്ചാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കെട്ടിപിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല.

പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News