സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി? കക്കാൻ പഠിച്ചവന് നിക്കാനുമറിയാം;എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഇ പി ജയരാജന്‍
കണ്ണൂര്‍: എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. “സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ ” എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. “കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ”മെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പലരും മാറി മാറി ഭരിച്ചില്ലേ. എത്ര കേസുണ്ട് ഇങ്ങനെ. പൊലീസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്യം നടത്തുന്നവർ രക്ഷപ്പെടാനുള്ള വഴിയും സ്വീകരിക്കാം.
കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സി പി എമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ശ്രീലേഖയുടെ പ്രസ്താവന നിയമ വിദഗ്ദർ തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്.
താൻ ആർക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല. പഴയ ഉന്നത ഉദ്യോഗസ്ഥർ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാൽ അവർ വ്യക്തികളാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.