KeralaNews

കലിപ്പ് മാറാതെ ഇ പി ജയരാജൻ, ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നില്ല

കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയാവുന്നു. കണ്ണൂരുണ്ടായിട്ടും ഉദ്ഘാടന ചടങ്ങിന് എത്താത്ത അദ്ദേഹം കണ്ണൂരിലെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയില്ല.

കാസർകോടുനിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇ പി ഒഴികെയുള്ള നേതാക്കൾ എത്തുകയും ചെയ്തു. കണ്ണൂരിൽ പാർട്ടിസെക്രട്ടറി പ്രസംഗിക്കുമ്പോൾ ജയരാജൻ വളപട്ടണത്ത് മരണം നടന്ന ഒരു വീട് സന്ദർശിക്കുകയായിരുന്നു.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇ പി മാറിനിൽക്കുന്നതെന്നാണ് അറിയുന്നത്.തന്നെ തഴഞ്ഞ് എം വി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇക്കാര്യം പാർട്ടി നേതാക്കളോട് തന്നെ അദ്ദേഹം സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

അതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമല്ല. ജയരാജനെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും വിജയിച്ചില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന തരത്തിലായിരുന്നു ഇ പി അനൗദ്യോഗികമായി പ്രതികരിച്ചത്.

റിസോർട്ട് വിവാദവും പാർട്ടി നേതൃത്വത്തോടുള്ള അകൽച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉയർന്ന് കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും ഉയർന്നുവന്നതിൽ പാർട്ടിയിലെ ചിലരുടെ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ പക്ഷം.

ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതെല്ലാം ഇ പിക്ക് വലിയ തിരിച്ചടിയാണ്. കണ്ണൂരിൽ നിന്നുതന്നെയുള്ള മറ്റൊരു പ്രധാന നേതാവായ പി ജയരാജനാണ് റിസോർട്ട് സംബന്ധിച്ച് പാർട്ടിയിൽ വീണ്ടും പരാതി ഉന്നയിച്ചത്.

അതേസമയം, വരും ദിവസങ്ങളിൽ ഇ പി ജാഥയിൽ പങ്കെടുക്കുമെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button