ഡോ. ഷിനു ശ്യാമളന്‍ ഇനി സിനിമയിലെ നായിക; ‘സ്വപ്നസുന്ദരി’ വരുന്നു
കൊച്ചി:സാമൂഹ്യപ്രവര്‍ത്തകയും ഡോക്ടറും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. നവാഗതനായ കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിലൂടെയാണ് ഷിനു ശ്യാമളന്‍ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തില്‍ നായികമാരില്‍ ഒരാളായ ‘ജമന്തി’ എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും പുതിയ തുടക്കത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും വേണമെന്നും ഡോ. ഷിനു ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററും അവര്‍ പങ്കുവച്ചിട്ടുണ്ട്.
അല്‍ഫോന്‍സ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി ആണ്. തിരക്കഥ, സംഭാഷണം സീതു ആന്‍സണ്‍, കുമാര്‍ സെന്‍. എഡിറ്റിംഗ് ഗ്രേസണ്‍. സംഗീതം ഹംസ കുന്നത്തേരി, അജിത്ത് സുകുമാരന്‍, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ് എന്നിവര്‍. ആക്ഷന്‍ ജിന്‍റൊ ബോഡിക്രാഫ്റ്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സീതു ആന്‍സണ്‍, മധു ആര്‍, സാജിദ്. പിആര്‍ഒ റഹിം പനവൂര്‍.