തിരുവനന്തപുരം: എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പാക്കാന്‍ സമിതി. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് ഇന്റെര്‍നെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചത്. ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
വകുപ്പ് സെക്രട്ടറിമാരും ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്. സമിതി നാല് ദിവസത്തിനകം പ്രവര്‍ത്തന രൂപരേഖ തയാറാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
സാധ്യമായ മേഖലകളില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഭാഗത്ത് നിന്നു അനുകൂലമായ പ്രതികരണമുണ്ടായതോടെ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണമായും കടക്കൂ എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എവിടെയെല്ലാമാണ് കുട്ടികള്‍ വേണ്ടത്ര ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മ, റേഞ്ച് ഇല്ലാത്ത പ്രശ്‌നം എന്നിവ എങ്ങനെ പരിഹരിക്കാമെന്നതും സമിതി വിശദമായി പരിശോധിക്കും. പ്രശ്‌നപരിഹാരത്തിന് കര്‍മപദ്ധതി തയാറാക്കും. യോഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളാണ് പങ്കെടുത്തത്.