ചെന്നൈ: ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടവുമായി സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ എത്തിയ ടീം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി. 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 420 എന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ദിനം ചായയ്ക്ക് മുന്‍പ് തന്നെ തോല്‍വി സമ്മതിച്ചു. ഇന്ത്യയുടെ ഇന്നിംഗ്‌സ് 192 റണ്‍സില്‍ അവസാനിച്ചു.
വിരാട് കോഹ്ലി (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് ബൗളിംഗിനെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അന്തകരായത്. സ്റ്റോക്‌സും ആര്‍ച്ചറും ബെസും ഓരോ വിക്കറ്റ് നേടി. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.
39/1 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ലീച്ചിന് മുന്നില്‍ പൂജാര വീണു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകള്‍ക്ക് ശേഷം രഹാനെയും മടക്കി ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
ഋഷഭ് പന്ത് (11), വാഷിംഗ്ടണ്‍ സുന്ദര്‍ (0), ആര്‍.അശ്വിന്‍ (9) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. പൊരുതി നിന്ന കോഹ്ലിയെ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ന്നു.
ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം ഇതേവേദിയില്‍ 17ന് തുടങ്ങും. സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 578, രണ്ടാം ഇന്നിംഗ്‌സ് 178. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 337, രണ്ടാം ഇന്നിംഗ്‌സ് 192.