ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, നാലടിയിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട് (4-2)

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മാർട്ടിൻ ബട്ടുറിനയും പീറ്റർ മുസയുമായിരുന്നു ക്രൊയേഷ്യയുടെ സ്‌കോറർമാർ.

പതിഞ്ഞ താളത്തിലായിരുന്നു ഇരു ടീമും മത്സരം ആരംഭിച്ചത്. എന്നാൽ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്താനാരംഭിച്ചു. ക്രൊയേഷ്യയും തുടക്കത്തിൽ ഏതാനും നീക്കങ്ങൾ നടത്തി. ഇതിനിടെ കളിയുടെ ഒഴുക്കിനെതിരേ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്‌സിലെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് താരം നോനി മഡൂക്കയെ ലൂക്കാ മോഡ്രിച്ച് ചവിട്ടി വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.

എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ എടുത്ത ആദ്യ കിക്ക് ക്രൊയേഷ്യൽ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പക്ഷേ പിന്നീട് നിരാശനാകാനായിരുന്നു ലിവാകോവിച്ചിന്റെ വിധി. കിക്കിനു മുമ്പ് ഗോൾകീപ്പർ ലൈൻ വിട്ടിറങ്ങി എന്ന കാരണത്താൽ റഫറി റീ ടേക്ക് അനുവദിച്ചു. ഇത്തവണ കെയ്‌ന് പിഴച്ചില്ല, പന്ത് വലയിൽ. 12-ാം മിനിറ്റിൽ ഇംഗ്ലണ്ട് മുന്നിൽ.

ഗോൾ നേടിയ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങൾക്ക് ജീവൻവെച്ചു. എന്നാൽ 36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടുറിനയുടെ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യയുടെ മറുപടിയെത്തി. 20 മീറ്റർ അകലെ നിന്ന് ബട്ടുറിന കൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്‌ഫോർഡിന്റെ കൈയിലിടിച്ച് വലയിൽ കയറി.

ഗോൾ വീണ് ആറു മിനിറ്റിനകം ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. 42-ാം മിനിറ്റിൽ ഡെക്ലാൻ റൈസ് എടുത്ത കോർണർ വലയിലേക്ക് വഴിതിരിച്ചുവിട്ട് ഹാരി കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

ഇംഗ്ലണ്ടിന്റെ ലീഡിൽ ആദ്യ പകുതി അവസാനിക്കാനിരിക്കെ ക്രൊയേഷ്യ വീണ്ടും ഞെട്ടിച്ചു. ബോക്‌സിലേക്കെത്തിയ പന്ത് ഇവാൻ പെരിസിച്ച് ഹെഡ് ചെയ്ത് നൽകിയത് പീറ്റൻ മുസയുടെ കാൽപ്പാകത്തിന്. ഒട്ടും സമയം കളയാതെ മുസ ഇംഗ്ലീഷ് വലകുലുക്കി. ക്രൊയേഷ്യ ഒപ്പത്തിനൊപ്പം (2-2).

രണ്ടാം പകുതിയിൽ ഇംഗ്ലീഷ് ആക്രമണങ്ങൾ കടുത്തു. 47-ാം മിനിറ്റിൽ തന്നെ അവർ വീണ്ടും ലീഡെടുക്കുകയും ചെയ്തു. സ്വന്തം ഹാഫിൽ നിന്ന് ഏലിയറ്റ് ആൻഡേഴ്‌സൻ നീട്ടിക്കൊടുത്ത പന്ത് ഓടിയെടുത്ത് ജൂഡ് ബെല്ലിങ്ങാം പോസ്റ്റിന്റെ വലതുഭാഗത്തു നിന്ന് അസാധ്യമായ ഒരു ആംഗിളിൽ നിന്നാണ് സ്‌കോർ ചെയ്തത്.

ഇംഗ്ലീഷ് ആക്രമണങ്ങൾ കടുത്തതോടെ ഗോളി ലിവാകോവിച്ചിന് പിടിപ്പത് പണിയായി. 56-ാം മിനിറ്റിൽ ഇരട്ട സേവുകളുമായി താരം ക്രൊയേഷ്യയുടെ രക്ഷകനായി. കോർണറിൽ നിന്ന് ഡെക്ലാൻ റൈസ് ബോക്‌സിലേക്ക് നൽകിയ പന്തിൽ നിന്നുള്ള ഒറെയ്ല്ലിയുടെ ഹെഡർ രക്ഷപ്പെടുത്തിയ ലിവാകോവിച്ച് റീബൗണ്ടിൽ നിന്നുള്ള ആന്തണി ഗോർഡന്റെ ഹെഡറും തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ ഹാരി കെയ്‌ന്റെ ഗോളവസരവും ലിവാകോവിച്ച് രക്ഷിച്ചെടുത്തു.

ഒരു ഗോളിന്റെ ലീഡ് നേടിയതോടെ അവസാന മിനിറ്റുകളിൽ ഇംഗ്ലണ്ട് പന്ത് കൈവശം വെച്ച് കളിക്കുകയായിരുന്നു. മറുവശത്ത് ക്രൊയേഷ്യയ്ക്കാകട്ടെ കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല. പിന്നാലെ 85-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് ഇംഗ്ലണ്ടിന്റെ ജയമുറപ്പിച്ച് സ്‌കോർ ചെയ്തു. ബുക്കായോ സാക്ക പന്ത് നീട്ടുമ്പോൾ റാഷ്‌ഫോർഡിനെ തടയാൻ ആരുമുണ്ടായിരുന്നില്ല. പന്ത് സ്വീകരിച്ച താരം അനായാസം ലക്ഷ്യം കണ്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News